കളമശേരി: 75 വർഷമായി ‘ഫാക്ട്’ ബ്രാൻഡിൽ കർഷകർക്കു മുന്നിൽ എത്തിയിരുന്ന വളങ്ങൾ ഇനിമുതൽ ‘ഭാരത് ’ ബ്രാൻഡിൽ വിപണിയിൽ. ‘ഒരു രാജ്യം, ഒരു വളം’ എന്ന പദ്ധതിയുടെ ഭാഗമായാണ് ബ്രാൻഡ് മാറ്റം.
ഫാക്ടിന്റെ വളച്ചാക്കുകളിൽ നിറഞ്ഞുനിന്ന ഫാക്ടിന്റെ ബ്രാൻഡ് നാമവും ആനമാർക്ക് അടയാളവും പദ്ധതി നടപ്പിലാക്കിയപ്പോൾ അൽപമൊന്നു മെലിഞ്ഞുവെന്നു മാത്രം. കഴിഞ്ഞ ഓഗസ്റ്റ് 24 നാണ് രാസവളം മന്ത്രാലയം ഒരു രാജ്യം, ഒരുവളം പദ്ധതി പ്രഖ്യാപിച്ചത്.
പുതിയ ബ്രാൻഡ് നാമം, പുനർനാമകരണം ചെയ്ത പദ്ധതിയുടെ ലോഗോ സഹിതം പ്രധാനമന്ത്രി ഭാരതീയ ജന ഉർവരക് പരിയോജന (പ്രധാനമന്ത്രിയുടെ പൊതുവളം പദ്ധതി) എന്നിവയെക്കുറിച്ച് മുൻഭാഗത്തു വേണമെന്നാണു നിബന്ധന.
പദ്ധതി നടപ്പിലായതോടെ എല്ലാ ബാഗുകളും ഒരുപോലെ കാണപ്പെടുന്നതു കർഷകരിൽ ആശയക്കുഴപ്പമുണ്ടാക്കുമോ എന്ന ആശങ്കയും ബാക്കിയുണ്ട്.
പരിഷ്കരിച്ച ചാക്കുകളിൽ നിറച്ച വളം ആദ്യമായി കഴിഞ്ഞ ദിവസമാണ് ഫാക്ട് വിപണിയിലേക്ക് അയച്ചിട്ടുള്ളത്. ദക്ഷിണേന്ത്യയിലെ വളം വിപണിയുടെ സിംഹഭാഗവും കയ്യാളുന്ന ഫാക്ടിനെ പുതിയ ബ്രാൻഡ് നയം ബാധിച്ചേക്കില്ല.
ഫാക്ടിന്റെ വളങ്ങൾക്ക് വിപണിയിൽ വലിയ ഡിമാൻഡുണ്ട്.