തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നത് ഉൾപ്പെടെ ലക്ഷ്യമിട്ട് നിരവധി നികുതി നിര്‍ദേശങ്ങളാണ് ഇന്ന് ധനമന്ത്രി അവതരിപ്പിച്ച സംസ്ഥാന ബജറ്റിലുള്ളത്.
ഇവയിൽ ഏറെയും രജിസ്ട്രേഷൻ, ലാന്റ് റവന്യൂ മേഖലകളിലാണ്. ഇതിന് പുറമെ മദ്യത്തിന്റെ തീരുവയിലും സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവരിൽ നിന്ന് ഈടാക്കുന്ന തീരുവയിലും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. പ്രധാന നികുതി നിർദേശങ്ങള്‍ ഇവയാണ്.
സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില കൂട്ടും. അതിനനുസരിച്ച് ഭൂനികുതിയും വര്‍ദ്ധിക്കും. ഇതിന് പുറമെ വസ്തുവിന്റെ ഉപയോഗം അനുസരിച്ച് പുതിയ ഭൂനികുതി നിര്‍ണയിക്കുന്നതിനുള്ള നടപടികളും ഉണ്ടാവും.
ഏറ്റവുമൊടുവിൽ 2010ലാണ് സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില നിശ്ചയിച്ചത്. അതിന് ശേഷം കാലാകാലങ്ങളിൽ നിശ്ചിത ശതമാനം വര്‍ദ്ധനവ് വരുത്തുകയായിരുന്നു. 2010ന് ശേഷം ഉണ്ടായ വികസനങ്ങളുടെ പശ്ചാത്തലത്തിൽ ന്യായവില കുറ്റമറ്റ രീതിയിൽ പരിഷ്കരിക്കുമെന്നും അതിനനുസരിച്ച് നികുതി വർദ്ധിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
കെട്ടിടങ്ങൾ വിൽക്കുമ്പോൾ പ്ലിന്ത് ഏരിയയുടെ അടിസ്ഥാനത്തിൽ കെട്ടിടത്തിന്റെ മൂല്യം കണക്കാക്കി നികുതി നിശ്ചയിക്കുന്നതിനുള്ള നടപടിയാണ് മറ്റൊരു പ്രഖ്യാപനം, നിലവിൽ അംഗീകൃത വാല്യുവേറ്റര്‍മാര്‍ നൽകുന്ന മൂല്യനിര്‍ണയ സാക്ഷ്യപത്രങ്ങളിൽ വിലകുറച്ച് കാണിക്കുന്നതായും അതുവഴി നികുതി ചോര്‍ച്ച ഉണ്ടാവുന്നതായും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഈ മാറ്റം കൊണ്ടുവരുന്നത്.
ഇതിന് പുറമെ ലീസ് കരാറുകൾക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ബാങ്ക് വായ്പകൾ ഭൂമി രേഖകളിൽ ഉൾപ്പെടുത്താൻ ബാങ്കുകളിൽ നിന്ന് ഫീസ് ഈടാക്കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. വായ്പകളുടെ 0.1 ശതമാനമാണ് ഇങ്ങനെ ഫീസ് ഈടാക്കുക. ഇത് പരമാവധി 10,000 രൂപയാക്കി നിജപ്പെടുത്തിയിട്ടുണ്ട്.
ബാങ്കുകളിൽ നിന്നാണ് ഫീസ് ഈടാക്കുന്നതെങ്കിലും ബാങ്കുകള്‍ ലോണെടുക്കുന്നവർക്ക് തന്നെ ഈ ഭാരം നല്‍കുമെന്ന് ഉറപ്പാണ്.
ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ഫ്ലാറ്റ് നിൽക്കുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിനും നികുതി നല്‍കണമെന്നതാണ് മറ്റൊരു നിര്‍ദേശം.
ഇതിന് പുറമെ മദ്യത്തിനും വില ഉയരും. ഇന്ത്യൻ നിര്‍മിത വിദേശ മദ്യത്തിന് ലിറ്ററിന് പത്തു രൂപ ഗാലനേജ് ഫീസായി ഈടാക്കും. അബ്കാരി നിയമപ്രകാരമാണ് ഈ അധിക തീരുവ ഈടാക്കുന്നത്. സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിക്കുന്നവർക്കുള്ള തീരുവയും കൂട്ടിയിട്ടുണ്ട്.
സോളാർ പദ്ധതികൾ ഉള്ളവർക്ക് അടക്കം യൂണിറ്റിന് 15 പൈസ തീരുവ ഈടാക്കും. ജുഡീഷ്യൽ കോടതി ഫീസുകൾ കുത്തനെ കൂട്ടി. ചില കേസുകളിൽ 25 ഇരട്ടിവരെയാണ് വർദ്ധനവ്.
കുടുംബ കോടതികളിലെ വസ്തു കേസുകൾക്കും ഫീസ് കൂട്ടിയിട്ടുണ്ട്.