മുംബൈ: പ്രതിവാര എക്‌സ്പയറി ദിവസം 19,540 എന്ന ശക്തമായ നോട്ടില്‍ ആരംഭിച്ച വിപണി, ബാങ്കിംഗ് കൗണ്ടറുകളുടെ സഹായത്തോടെ നേട്ടങ്ങള്‍ വര്‍ദ്ധിപ്പിച്ചു. എന്നാല്‍, ഉയര്‍ന്ന നിലവാരം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ട സൂചിക തിരുത്തല്‍ വരുത്തി. ട്രേഡിംഗ് സെഷന്റെ രണ്ടാം പകുതിയില്‍ വില്‍പ്പന സമ്മര്‍ദ്ദം രൂക്ഷമാവുകയായിരുന്നു.
എല്ലാ നേട്ടങ്ങളും മായ്ച്ചുകളഞ്ഞ നിഫ്റ്റി 57.30 പോയിന്റ് നഷ്ടത്തില്‍ 19,386.70 ലെവലിലാണ് ക്ലോസ് ചെയ്തത്. സാങ്കേതികമായി പ്രതിദിന ചാര്‍ട്ടില്‍ ബെയറിഷ് എന്‍ഗള്‍ഫിംഗ് പാറ്റേണാണ് രൂപീകരിക്കപ്പെട്ടിരിക്കുന്നത്. ഇത് റിവേഴ്‌സലിനെ സൂചിപ്പിക്കുന്നതായി പ്രോഗ്രസീവ് ഷെയേഴ്‌സിലെ ആദിത്യ ഗഗ്ഗാര്‍ അറിയിക്കുന്നു.
യുഎസ് വിപണിയുടെ ചുവടുപിടിച്ച് ഐടി മേഖല ശക്തിപ്പെട്ടെങ്കിലും മറ്റ് രംഗങ്ങളില്‍ സമാന പ്രവണത ദൃശ്യമായില്ല, ജിയോജിത്, റീട്ടെയ്ല്‍ റിസര്‍ച്ച് ഹെഡ്, വിനോദ് നായര്‍ പറഞ്ഞു.ആഗോള അനിശ്ചിതത്വങ്ങളാണ് കാരണം. അതേസമയം മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് ഓഹരികള്‍ നേട്ടം നിലനിര്‍ത്തിയിട്ടുണ്ട്.
യുഎസ് പിഎംഐ ഡാറ്റ ഇടിവും തുടര്‍ന്നുണ്ടായ ബോണ്ട് യീല്ഡ് തളര്‍ച്ചയും വിദേശ നിക്ഷേപകരെ തിരികെ എത്തിച്ചു. ഇത് ശുഭസൂചനയാണെന്ന് വിനോദ് നായര്‍ അറിയിക്കുന്നു.