
കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷനിലൂടെ വളർന്ന എനർജി ടെക്‌നോളജി സംരംഭമായ ചാർജ്‌മോഡ് ഇന്ത്യയിൽ 1,000 സാധാരണ വാഹന ചാർജറുകളും 200 അതിവേഗ ചാർജറുകളും കൂടി സ്ഥാപിക്കാൻ ഒരുങ്ങുന്നു.
കേരളത്തിൽ 500 സാധാരണ ചാർജറുകളും 100 ഫാസ്റ്റ് ചാർജറുകളുമാണ് സ്ഥാപിക്കുന്നത്. നിലവിൽ കേരളത്തിൽ 1500 ചാർജറുകളും മറ്റ് സംസ്ഥാനങ്ങളിൽ 2000 ചാർജിംഗ് സ്റ്റേഷനുകളുമാണ് ഇവർക്കുള്ളത്.
സംസ്ഥാനത്ത് 1300 എ.സി സ്ലോ ചാർജറുകളും 150 ഡി.സി ഫാസ്റ്റ് ചാർജറുകളുമുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ 500 എ.സി സ്ലോ ചാർജറുകളും സ്ഥാപിച്ചിട്ടുണ്ട്.
വൈദ്യുതവാഹനങ്ങൾ ചാർജ് ചെയ്യാനുള്ള ഉപകരണങ്ങളും സോഫ്‌റ്റ്‌വെയറും തദ്ദേശീയമായി വികസിപ്പിച്ചതാണ്. ഓരോ അഞ്ച് കിലോമീറ്ററിലും ഒരു സാധാരണ എ.സി ചാർജറും ഓരോ 50 കിലോമീറ്ററിലും അതിവേഗ ഡി.സി ചാർജറും സ്ഥാപിക്കുകയാണ് ലക്ഷ്യം. ഫീനിക്‌സ് ഏയ്ഞ്ചൽസിൽ നിന്ന് രണ്ടരക്കോടി രൂപയുടെ നിക്ഷേപവും കമ്പനിക്ക് ലഭിച്ചിരുന്നു.
എല്ലാവർക്കും താങ്ങാനാവുന്ന വിലയിലുള്ള ചാർജിംഗ് സംവിധാനങ്ങൾ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് സി.ഇ.ഒയും സഹസ്ഥാപകനുമായ എം. രാമനുണ്ണി പറഞ്ഞു. ഇരുചക്ര വാഹനങ്ങൾ മുതൽ ബസുകളും ട്രക്കുകളും വരെ ചാർജ് ചെയ്യാവുന്ന സ്റ്റേഷനുകളും വികസിപ്പിക്കുകയാണ്.
സി.ഇ.ഒ രാമനുണ്ണി എം, ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിൻ വിഭാഗം മാനേജർ അനൂപ് വി., ഓപ്പറേഷൻസ് മാനേജർ അദ്വൈത് സി, ടാഞ്ചിബിൾ, പ്രോഡ്രക്ട് വിഭാഗം തലവൻ മിഥുൻ കൃഷ്ണൻ എന്നിവർ ചേർന്നാണ് ചാർജ്‌മോഡിന് തുടക്കമിട്ടത്.