ന്യൂഡൽഹി: ഏറ്റവുമധികം നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) നേടുന്ന രാജ്യങ്ങളുടെ പട്ടികയിൽ 2022ന്റെ ആദ്യപാദത്തിൽ ഇന്ത്യ അഞ്ചാംസ്ഥാനം നിലനിറുത്തിയെന്ന് ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ വകുപ്പിന്റെ പ്രതിമാസ അവലോകന റിപ്പോർട്ട്. വികസിത, വികസ്വര രാജ്യങ്ങൾക്കിടയിലാണ് ഇന്ത്യയുടെ നേട്ടം.
ബിസിനസ് സൗഹൃദാന്തരീക്ഷം (ഈസ് ഒഫ് ഡൂയിംഗ് ബിസിനസ്) മെച്ചപ്പെടുത്തിയും സംരംഭക സൗഹൃദ പരിഷ്കാരങ്ങൾ നടപ്പാക്കിയുമാണ് ഈ നേട്ടം കൈവരിച്ചതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. രണ്ടാംപാദത്തിൽ 1,610 കോടി ഡോളർ നേടി സമാനനേട്ടം ഇന്ത്യ തുടരുകയാണെന്നും റിപ്പോർട്ട് പറയുന്നു.
കൊവിഡ് ആഞ്ഞടിച്ച കഴിഞ്ഞ രണ്ടുവർഷക്കാലത്ത് മൂലധന നിക്ഷേപം ഒഴുകിയതിലൂടെ ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരം ലോകത്തെ മൂന്നാമത്തെ വലിയനിലയിലേക്ക് ഉയർന്നു. രാജ്യത്തിന്റെ ഒമ്പതുമാസത്തെ ഇറക്കുമതിച്ചെലവിന് തുല്യമാണിത്.
റഷ്യ-യുക്രെയിൻ യുദ്ധം, പലിശനിരക്ക് വർദ്ധന, നാണയപ്പെരുപ്പക്കുതിപ്പ് തുടങ്ങിയ പ്രതിസന്ധികൾക്കിടയിലും ലോകത്തെ രണ്ടാമത്തെ വലിയ വളർച്ചാനിരക്കുമായി കയറ്റുമതി മേഖലയും മുന്നേറിയെന്നും റിപ്പോർട്ടിലുണ്ട്.
രൂപയുടേത് ഭേദപ്പെട്ട പ്രകടനം
കഴിഞ്ഞ മാസങ്ങളിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞെങ്കിലും മറ്റ് മുൻനിര കറൻസികളുടെ തകർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടേത് മെച്ചപ്പെട്ട പ്രകടനമാണെന്ന് ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കി.
രൂപയുടെ മൂല്യത്തകർച്ച ഏഴ് ശതമാനമാണ്. ബ്രിട്ടീഷ് പൗണ്ട് 18 ശതമാനവും യൂറോ 14 ശതമാനവും ദക്ഷിണാഫ്രിക്കൻ റാൻഡ് 16 ശതമാനവുമാണ് ഇടിഞ്ഞത്.