ന്യൂയോര്‍ക്ക്: കൂടുതല്‍ നിരക്ക് വര്‍ദ്ധനവുണ്ടാവുമെന്ന പ്രഖ്യാപനവുമായി ഫെഡ് റിസര്‍വ്. പണപ്പെരുപ്പം കുറയ്ക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അതിനാല്‍ കൂടുതല്‍ പലിശനിരക്ക് പ്രാബല്യത്തില്‍ വരുത്തുമെന്നും മോണിറ്ററി കമ്മിറ്റി ജൂലൈ മീറ്റിംഗ് മിനുറ്റ്‌സ് പറയുന്നു. അതേസമയം വര്‍ദ്ധനവിന്റെ വേഗത കുറയ്ക്കും.
ബെഞ്ച്മാര്‍ക്ക് വായ്പാ നിരക്ക് ഈ വര്‍ഷം നാല് തവണയാണ് യു.എസ് കേന്ദ്രബാങ്ക് ഉയര്‍ത്തിയത്. ജൂലൈ മാസങ്ങളിലെ രണ്ട് വലിയ മുക്കാല്‍ പോയിന്റ് വര്‍ദ്ധനവ് ഉള്‍പ്പെടെയാണിത്. 40 വര്‍ഷത്തെ ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് കുറയ്ക്കാനാണ് ഫെഡ് റിസര്‍വ് നിരക്കുകള്‍ വേഗത്തില്‍ ഉയര്‍ത്തുന്നത്.
യുഎസ് വാര്‍ഷിക പണപ്പെരുപ്പം ജൂണില്‍ 9.1 ശതമാനമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് അടിയന്തിര നിരക്ക് വര്‍ദ്ധനവിന് ഫെഡ് റിസര്‍വ് തുനിയുകയായിരുന്നു. എന്നാല്‍ ‘അസ്വീകാര്യമായ’ ഉയര്‍ന്ന പണപ്പെരുപ്പം തിരികെ കൊണ്ടുവരാന്‍ കുറച്ച് സമയമെടുക്കുമെന്ന് ഫെഡറല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പലിശനിരക്ക് ഉയര്‍ത്തുമ്പോള്‍ തന്നെ ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേയ്ക്ക് തള്ളിവിടാതിരിക്കാനുള്ള ശ്രമങ്ങളും ഫെഡ് റിസര്‍വ് നടത്തുന്നുണ്ട്. അവസാന പലിശനിരക്ക് വര്‍ദ്ധനവിന് ശേഷം വിപണികള്‍ മികച്ച നേട്ടം കൈവരിച്ചിരുന്നു.
വേഗത്തിലുള്ള വര്‍ദ്ധന, കടുത്ത നടപടികള്‍ ഒഴിവാക്കുന്നതിലേയ്ക്ക് ക്രമേണ നയിക്കുമെന്ന ഫെഡ് റിസര്‍വ് ചെയര്‍ ജെറോമി പവലിന്റെ പ്രസ്താവനയാണ് വിപണികളെ ഉയര്‍ത്തിയത്.