കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ താല്‍ക്കാലിക ചെയര്‍മാനായി എപി ഹോട്ട ചുമതലയേല്‍ക്കും. ഹോട്ടയെ ചെര്‍മാനായി നിയമിക്കാനുള്ള അനുമതി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നല്‍കി. 2023 ജൂണ്‍ 29 മുതല്‍ 2026 ജനുവരി വരെയാണ് നിയമനം.
ബാങ്കിംഗ് രംഗത്ത് 27 വര്‍ഷത്തെ പരിചയസമ്പത്തുള്ള വ്യക്തിയാണ് ഹോട്ട. ഇതില്‍ ഏറെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലാണ്. ആര്‍ബിഐയില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ തന്നെ ആന്ധ്ര ബാങ്കിന്റെയും വിജയബാങ്കിന്റെയും നോമിനി ഡയറക്ടറായി.
എന്‍പിസിഐ ആര്‍ക്കിടെക്റ്റായിരുന്ന അദ്ദേഹം 2009 മുതല്‍ 2017 വരെ മാനേജിംഗ് ഡയറക്ടറായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും പ്രവര്‍ത്തിച്ചു. സംബാല്‍പൂര്‍ സര്‍വകലാശാലയില്‍ നിന്ന് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഹോട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സിന്റെ ഓണററി ഫെലോയാണ്. 2018 ജനുവരി 15 മുതല്‍ ഫെഡറല്‍ ബാങ്ക് ലിമിറ്റഡിന്റെ സ്വതന്ത്ര ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുന്നു.
മൊത്തബാങ്കിംഗ് മേധാവി ഹര്‍ഷ് ദുഗാറിനെ ഈ മാസമാദ്യം ഫെഡറല്‍ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടറാക്കിയിരുന്നു.മൂന്നുവര്‍ഷത്തേയ്ക്കാണ് ദുഗാറിന്റെ നിയമനം.