കൊച്ചി: 4000 കോടി രൂപ സമാഹരണത്തിന്റെ ഉപദേഷ്ടാക്കളായി കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, ആക്‌സിസ് ക്യാപിറ്റല്‍, ബോഫ സെക്യൂരിറ്റീസ്, ജെപി മോര്‍ഗന്‍ എന്നിവരെ തെരഞ്ഞെടുത്തിരിക്കയാണ് ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്ക്. റീട്ടെയില്‍ വളര്‍ച്ചയും അജൈവ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നിര്‍ദ്ദിഷ്ട മൂലധന സമാഹരണം ക്യുഐപി, മുന്‍ഗണന അലോട്ട്‌മെന്റ് റൂട്ടുകള്‍ വഴിയായിരിക്കും. ബാങ്ക് വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ധനസമാഹരണത്തിന്റെ അളവും രൂപരേഖയും തീരുമാനിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ക്യുഐപി വഴി 3000 കോടി രൂപയും ബാക്കി പ്രിഫന്‍ഷ്യല്‍ റൂട്ട് വഴിയും സ്വരൂപിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. 100 ഓളം ശാഖകള്‍ ഈ വര്‍ഷം തുറക്കാനുള്ള പദ്ധതിയാണ് ബാങ്കിനുള്ളത്.
റീട്ടെയില്‍ ബാങ്കിംഗില്‍ മുന്നേറാനും മൈക്രോഫിനാന്‍സ് കമ്പനി വാങ്ങാനും ശ്രമിക്കുന്നു. അതിനാല്‍ ഫണ്ട് സമാഹരണം വളര്‍ച്ചയ്ക്ക് ഉപകരിക്കും.. ഓഹരിയുടമകളുടെ അനുമതി ഇതിനായി ലഭ്യമായി കഴിഞ്ഞു.
മുന്‍ വര്‍ഷങ്ങളിലെ നേട്ടങ്ങള്‍ക്ക് അനുസൃതമായി ബാങ്ക് ബാലന്‍സ് ഷീറ്റ് ഈ വര്‍ഷം 18- 20% വര്‍ദ്ധിക്കുമെന്ന്
ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശ്യാം ശ്രീനിവാസന്‍ അറിയിച്ചിരുന്നു.
ക്രെഡിറ്റ് ഡിമാന്‍ഡ് മുന്നേറുകയും നിക്ഷേപ വളര്‍ച്ച പിന്നിലാവുകയും ചെയ്യുന്ന ഇന്ത്യയില്‍, നിരക്കുകള്‍ ഉയര്‍ത്തിക്കൊണ്ടും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിക്കൊണ്ടും ഫണ്ടിംഗ് സ്രോതസ്സിനായി ബാങ്കുകള്‍ മത്സരിക്കുന്നു. ഫെഡറല്‍ ബാങ്ക് ഇന്ത്യന്‍ പ്രവാസികളെ, പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റില്‍ നിന്നുള്ളവരെയും ഫിന്‍ടെക് പങ്കാളികളെയും വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.