
മുംബൈ: ഫെഡറല്‍ ബാങ്കിന്റെ എന്‍ബിഎഫ്‌സി വിഭാഗമായ ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (ഫെഡ്ഫിന) ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്)യ്ക്കായി കരട് രേഖകള്‍ സമര്‍പ്പിച്ചു. കഴിഞ്ഞവര്‍ഷവും കമ്പനി ഡിആര്‍എച്ച്പി (ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ്) സെബിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രതികൂല സാഹചര്യങ്ങള്‍ കാരണം പിന്‍വലിച്ചു.
പുതിയതായി സമര്‍പ്പിച്ച ഡിആര്‍എച്ച്പി പ്രകാരം 750 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും ഓഫര്‍ ഫോര്‍സെയിലുമാണ് നടത്തുക. പാരന്റിംഗ് കമ്പനിയായ ഫെഡറല്‍ ബാങ്കും സ്വകാര്യ ഇക്വിറ്റി നിക്ഷേപകരായ ട്രൂ നോര്‍ത്തും ഓഹരികള്‍ വിറ്റഴിക്കും.ഐസിഐസിഐ സെക്യൂരിറ്റീസ,ജെഎംഫിനാന്‍ഷ്യല്‍,ഇക്വിറസ് കാപിറ്റല്‍,ബിഎന്‍പി പാരിബാസ് എന്നിവയാണ് ഇന്‍വെസ്റ്റിംഗ് ബാങ്കര്‍മാര്‍.
സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ്,ജെഎസ്എ എന്നിവര്‍ നിയമോപദേഷാക്കളാകും. ഇക്കാര്യത്തില്‍ ഫെഡറല്‍ ബാങ്ക് പ്രതികരണമറിയിച്ചിട്ടില്ല. വെബ് സൈറ്റ് അനുസരിച്ച്, ഫെഡ്ഫിനയ്ക്ക് 573 ലധികം ശാഖകളും 6,187 കോടിയിലധികം രൂപയുടെ എയുഎമ്മും ഉണ്ട്.
2010 ല്‍ എന്‍ബിഎഫ്‌സി ലൈസന്‍സ് ലഭിച്ച കമ്പനി സ്വര്‍ണ്ണ വായ്പകള്‍, ഭവനവായ്പകള്‍, പ്രോപ്പര്‍ട്ടി ലോണുകള്‍, ബിസിനസ് വായ്പകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.