ന്യൂഡല്ഹി: നീണ്ട ഇടവേളയ്ക്ക് ശേഷം ഫെഡറേഷന് കപ്പ് ഫുട്ബോള് ടൂര്ണമെന്റ് തിരികെവരുന്നു. 2023-24 സീസണില് ടൂര്ണമെന്റ് നടത്തുമെന്ന് അഖിലേന്ത്യാ ഫുട്ബോള് ഫെഡറേഷന് (എഐഎഫ്എഫ്) അറിയിച്ചു.
ആറ് വര്ഷത്തിനു ശേഷമാണ് ടൂര്ണമെന്റ് വീണ്ടും നടത്താനൊരുങ്ങുന്നത്. 2023-24 സീസണ് മുതല് ഫെഡറേഷന് കപ്പ് ഇന്ത്യയിലെ പ്രധാന ടൂര്ണമെന്റായിരിക്കുമെന്ന് എഐഎഫ്എഫ് വാര്ത്താക്കുറിപ്പില് അറിയിച്ചു.
ഐ ലീഗിലേക്ക് അഞ്ച് പുതിയ ക്ലബ്ബുകളെ കൂടി ഉള്പ്പെടുത്താനും എഐഎഫ്എഫ് തീരുമാനിച്ചു. ഐ ലീഗിലേക്ക് കോര്പ്പറേറ്റ് എന്ട്രിക്കായി അപേക്ഷ സമര്പ്പിച്ച അഞ്ച് പേരെയും ഉള്പ്പെടുത്തി ലീഗ് ശക്തമാക്കുക എന്നതാണ് ലക്ഷ്യം.
കൂടാതെ എഐഎഫ്എഫിന്റെ പുതിയ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി കര്ണാടക സ്റ്റേറ്റ് ഫുട്ബോള് അസോസിയേഷന് (കെഎഫ്എസ്എ) സെക്രട്ടറി എം. സത്യനാരായണനെ നിയമിച്ചു. തിങ്കളാഴ്ച ചേര്ന്ന ഫെഡറേഷന്റെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനങ്ങള് കൈക്കൊണ്ടത്.
ഐഎംഎസ് ഫിനാന്സ് ഫിനാന്സ് പ്രൈവറ്റ് ലിമിറ്റഡ് (വാരാണസി), നാംധാരി സീഡ്സ് പ്രൈവറ്റ് ലിമിറ്റഡ് (ഭായിനി സാഹിബ് വില്ലേജ്, പഞ്ചാബ്), നിമിഡ യുണൈറ്റഡ് സ്പോര്ട്സ് ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (ബെംഗളൂരു, കര്ണാടക), കോണ്കാറ്റനേറ്റ് അഡ്വെസ്റ്റ് അഡൈ്വസറി പ്രൈവറ്റ് ലിമിറ്റഡ് (ഡല്ഹി), ബങ്കര്ഹില് പ്രൈവറ്റ് ലിമിറ്റഡ് (അംബാല, ഹരിയാണന) എന്നിവരാണ് ഐ ലീഗിലേക്ക് കോര്പ്പറേറ്റ് എന്ട്രിക്കായി അപേക്ഷ സമര്പ്പിച്ചവര്.