
മുംബൈ: യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് അഥവാ യുപിഐ വഴിയും റുപേ ഡെബിറ്റ് കാര്‍ഡ് വഴിയും നടത്തുന്ന ഇടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്ന് ഫീസ് ഈടാക്കുന്നത് പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ വ്യാപാരികളില്‍ നിന്ന് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (എം.ഡി.ആര്‍) ഈടാക്കുന്നില്ല.
ഡിജിറ്റല്‍ പേയ്‌മെന്റ് സേവനങ്ങള്‍ക്കായി വ്യാപാരികള്‍ ബാങ്കുകള്‍ക്ക് നല്‍കേണ്ട നിരക്കാണ് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് അഥവാ എം.ഡി.ആര്‍. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവ വഴിയുള്ള ഇടപാടുകള്‍ക്ക് ഇത് ഈടാക്കുന്നുണ്ടെങ്കിലും യു.പി.ഐ, റുപേ ഇടപാടുകള്‍ക്ക് നിലവില്‍ ഇത് ബാധകമാക്കിയിട്ടില്ല.
രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു ഇതൊഴിവാക്കിയത്. എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ലെന്നും വലിയ വ്യാപാരികളില്‍ നിന്ന് എം.ഡി.ആര്‍ ഈടാക്കാമെന്നുമാണ് ഈ മേഖലയുടെ വിലയിരുത്തല്‍.
ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് 40 ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള വ്യാപാരികള്‍ക്ക് എം.ഡി.ആര്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ജി.എസ്.ടി ഫയലിംഗ് അനുസരിച്ച് ഇത് കണ്ടെത്തും.
നാല്‍പ്പതു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ചെറു വ്യാപാരികള്‍ക്ക് തുടര്‍ന്നും സൗജന്യമായി യു.പി.ഐ പേയ്‌മെന്റുകള്‍ സ്വീകരിക്കാം.
വ്യാപാരികള്‍ക്ക് അവരുടെ വരുമാനമനുസരിച്ച് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നതിനെ കുറിച്ചും ചര്‍ച്ച നടക്കുന്നുണ്ട്. അതായത് വലിയ വ്യാപാരികള്‍ക്ക് കൂടിയ നിരക്കും ഇടത്തരം വ്യാപാരികള്‍ക്ക് കുറഞ്ഞ നിരക്കും.
നിലവില്‍ വിസ, മാസ്റ്റര്‍ കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് വലിയ വ്യാപാരികള്‍ എം.ഡി.ആര്‍ നല്‍കുന്നുണ്ട്. യു.പി.ഐ, റുപെ പേയ്‌മെന്റുകളെ ഇനി മാറ്റി നിര്‍ത്തേണ്ടതില്ലെന്നാണ് ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ടവര്‍ വാദിക്കുന്നു.
2021-22 ബജറ്റിലാണ് ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകള്‍ക്ക് എം.ഡി.ആര്‍ ഒഴിവാക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വളരെ പ്രചാരത്തിലായി. യു.പി.ഐ വ്യാപാരമേഖലയുടെ നട്ടെല്ലായി മാറുകയും ചെയ്തു.
ചെറുകിട വ്യാപാരമേഖലയില്‍ കൂടുതല്‍ ഇടപാടുകളും നടക്കുന്നത് യു.പി.ഐ വഴിയാണ്. 2025 ഫെബ്രുവരിയില്‍ മാത്രം 22 ലക്ഷം കോടി രൂപ മൂല്യം വരുന്ന 1600 കോടി ഇടപാടുകള്‍ ആണ് നടന്നത്.
ഇത്രയും ഇടപാടുകള്‍ നടക്കുന്ന സാഹചര്യത്തില്‍ വ്യാപാരികള്‍ക്ക് എം.ഡി.ആര്‍ നിരക്ക് താങ്ങാനാകുമെന്നാണ് ഈ ഈ മേഖലയിലുള്ളവര്‍ പറയുന്നത്.
ഡിജിറ്റല്‍ പേയ്‌മെന്റിസിനുള്ള സബ്‌സിഡികളും സര്‍ക്കാര്‍ കുറച്ചുകൊണ്ടു വരികയാണ്. ഇക്കഴിഞ്ഞ ബജറ്റില്‍ 3,300 കോടി രൂപയില്‍ നിന്ന് 437 കോടി രൂപയാക്കി കുറച്ചിരുന്നു.
സാമ്പത്തിക ബാധ്യത കൂടുന്നതിനാല്‍ ബാങ്കുകളും പേയ്‌മെന്റ് കമ്പനികളും എം.ഡി.ആര്‍ തിരിച്ചു കൊണ്ടു വരണമെന്ന് മുറവിളി കൂട്ടുന്നുമുണ്ട്.
എന്തായാലും ഇതേകുറിച്ച് റിസര്‍വ് ബാങ്കും ഫിന്‍ടെക് നേതാക്കളും ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളു.
എം.ഡി.ആര്‍ തിരിച്ചുകൊണ്ടു വന്നാല്‍ വലിയ വ്യാപാരികള്‍ യു.പി.ഐ, റുപേ ഇടപാടുകള്‍ക്ക് ഉപയോക്താക്കളില്‍ നിന്നും കൂടുതല്‍ തുക ചുമത്തിയേക്കാം.