ന്യൂഡല്‍ഹി: കോവിഡ്-19 കാരണം തണുത്തുപോയ ഉത്സവ സീസണ്‍ ഷോപ്പിംഗ് ഈ വര്‍ഷം വീണ്ടും സജീവമായി. ദീപാവലി, നവരാത്രി മഹോത്സവങ്ങളോടനുബന്ധിച്ച് ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഷോപ്പിംഗില്‍ വ്യാപൃതരമാണ് ഇന്ത്യന്‍ കുടുംബങ്ങളെന്ന് ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഷോപ്പര്‍മാരുടെ തിരിച്ചുവരവ് സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്നു.
ഓണ്‍ലൈന്‍, ഓഫ് ലൈന്‍ വില്‍പന
ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് വില്‍പ്പന, സെപ്തംബര്‍ 22-30 വരെ 5.7 ബില്യണ്‍ ഡോളറായാണ് വര്‍ധിച്ചത്. കണ്‍സള്‍ട്ടിംഗ് സ്ഥാപനം റെഡ്‌സീര്‍ കണക്കുകൂട്ടുന്നത് പ്രകാരം 5.7 ട്രില്യണ്‍ രൂപ കടകളില്‍ ചെലവഴിക്കാനും ഇന്ത്യക്കാര്‍ തയ്യാറായി.
വാഹന വില്‍പന
ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്റെ കണക്കുകള്‍ അനുസരിച്ച് ദീപാവലിക്ക് മുമ്പുള്ള, ഒന്‍പതു ദിന നവരാത്രി കാലയളവില്‍ വാഹന വില്‍പ്പന 57% മാണ് ഉയര്‍ന്നത്. ഗ്രാമീണ ഡിമാന്റിന്റെ സൂചന നല്‍കി ഇരുചക്ര വാഹന വില്‍പ്പന 2019 നെ അപേക്ഷിച്ച് 3 ശതമാനം ഉയര്‍ന്നു.കാറുകളുടെയും സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെയും വില്‍പ്പനയില്‍ 92 ശതമാനത്തിന്റെ ആധിക്യം പ്രകടമായിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 20 ശതമാനം അധികം വില്‍പ്പന നടത്തി.
പണമൊഴുക്ക്
ചരക്കുകളുടെ ആവശ്യം വര്‍ധിച്ചതോടെ ബിസിനസുകള്‍ ശേഷി വര്‍ധിപ്പിക്കുകയും ചെയ്തു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, ബാങ്കുകളില്‍ നിന്നും ബാങ്കിതര സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും വാണിജ്യമേഖല ലക്ഷ്യമാക്കിയുള്ള പണമൊഴുക്ക് ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 9.3 ട്രില്യണ്‍ രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ 1.7 ട്രില്ല്യണ്‍ രൂപയില്‍ നിന്നുള്ള 5 മടങ്ങ് വര്‍ധനവാണിത്.
സെപ്തംബറിലെ തൊഴിലില്ലായ്മ നിരക്ക് നാല് വര്‍ഷത്തെ നിലയിലെത്തിയത് ഉപഭോഗത്തെ ഉയര്‍ത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. മികച്ച മണ്‍സൂണും നിയന്ത്രണങ്ങള്‍ പിന്‍വലിക്കപ്പെട്ടതും കൃഷി, സേവന മേഖല, ചെറുകിട,ഇടത്തരം സംരംഭങ്ങള്‍ എന്നിവയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെട്ടതുമാണ് തൊഴിലില്ലായ്മ കുറച്ചത്. ഗ്രാമീണ മേഖലയിലെ വീണ്ടെടുക്കല്‍ വിലനിര്‍ണ്ണയ തന്ത്രം സാധാരണ നിലയിലാക്കാന്‍ ഉപഭോക്തൃ സ്ഥാപനങ്ങളെ സഹായിക്കുകയും ചെയ്തു.
മുന്‍നിര ലഘുഭക്ഷണ നിര്‍മ്മാതാക്കളിലൊരാളായ ഹല്‍ദിറാം, ചെറിയ പായ്ക്കുകളും ഫാമിലി പായ്ക്കുകളും തമ്മിലുള്ള കാറ്റഗറി അനുപാതം 70:30 ആയി പുനസ്ഥാപിച്ചത് ഉദാഹരണം. ഉപഭോഗം ഇനിയും വര്‍ധിക്കുമെന്ന കണക്കുകൂട്ടലിലാണ് ആര്‍ബിഐ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍. സാമ്പത്തിക വീണ്ടെടുക്കലും വരുമാന നിലവാരം മെച്ചപ്പെട്ടതുമാണ് കാരണം.
ചെലവിന്റെ ഭൂരിഭാഗവും അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനാണെന്നും റിപ്പോര്‍ട്ട് പറയുന്നു. വിതരണക്കുറവ് മൂലം വിലവര്‍ധനവുണ്ടായെങ്കിലും ഉപഭോക്തൃ ആത്മവിശ്വാസം മെച്ചപ്പെട്ടിട്ടുണ്ട്. അവശ്യവസ്തുക്കളല്ലാത്തവയുടെ വില്‍പനയില്‍ ഇത് പ്രതിഫലിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.