ന്യൂഡൽഹി: രാജ്യത്ത് മൂലധന നേട്ടത്തിന് നികുതി ഏർപ്പെടുത്തുന്ന രീതികൾ പരിഷ്കരിക്കുമെന്ന പ്രചാരണം ശരിയല്ലെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. മൂലധന നേട്ട നികുതിയെക്കുറിച്ചുള്ള ധനമന്ത്രാലയത്തിൻെറ പ്രഖ്യാപനം ഓഹരി വിപണിക്കും നേരിയ ഉണർവേകി. ഇതൊക്കെ എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ലെന്നും ഊഹാപോഹങ്ങൾ മാത്രമാണെന്നും ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ ധനമന്ത്രി അറിയിക്കുകയായിരുന്നു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ മൂലധന നേട്ട നികുതി ഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരും എന്ന റിപ്പോർട്ടുകളാണ് പ്രചരിച്ചത്. ആദായനികുതി വകുപ്പ് ഇതിന് പദ്ധതിയിടുന്നുവെന്നായിരുന്നു വാർത്തകൾ.
എല്ലാ ആസ്തികൾക്കും ഏകീകൃത നികുതി ഏർപ്പെടുത്താൻ ആദായ നികുതി വകുപ്പ് പദ്ധതിയിടുന്നതായി ഒരു വാർത്താ ചാനൽ ആണ് ആദ്യം റിപ്പോർട്ട് പുറത്ത് വിട്ടത്. ഇതിനുള്ള മറുപടിയായി ആണ് ധനമന്ത്രി ട്വീറ്റിലൂടെ ഇക്കാര്യത്തിൽ വ്യക്തത നൽകിയത്.
അതേസമയം സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയാൽ നിലവിലെ നികുതി നയങ്ങളിൽ മാറ്റം വരുത്താൻ സാധ്യതയില്ല. അതാണ് വിപണികൾക്കും ഗുണമാകുക. സ്ഥിരമായ ഭരണവും നിലവിലെ നയങ്ങളുടെ തുടർച്ചയും വിപണിയെ മുന്നോട്ട് നയിക്കുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
എന്താണ് മൂലധന നേട്ട നികുതി?
വിവിധ ആസ്തികൾ വിൽക്കുന്നതിലൂടെ ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ ലഭിക്കുന്ന ലാഭമാണ് മൂലധന നേട്ടം. വിവിധ ആസ്തികളിൽ നിന്നുള്ള വ്യത്യസ്തമായ ലാഭത്തിൻെറ അടിസ്ഥാനത്തിലാണ് നിലവിൽ നികുതി ഈടാക്കുന്നത്.
ഇതിൽ തന്നെ ആസ്തികളിൽ നിന്ന് ഹ്രസ്വകാലത്തേക്ക് ലഭിക്കുന്ന നേട്ടവും ദീർഘകാലത്തേക്ക് ലഭിക്കുന്ന നേട്ടവുമുണ്ട്. ഇതിനും നികുതി ഘടന വ്യത്യസ്തമാണ്. ആസ്തികൾ കൈമാറ്റം ചെയ്യുമ്പോഴാണ് സാധാരണയായി മൂലധന നേട്ട നികുതി ഈടാക്കുന്നത്.
ഓഹരി വിൽപ്പന, വീട് വിൽപ്പന, സ്വർണ വിൽപ്പന തുടങ്ങിയവയിൽ നിന്നൊക്കെയുള്ള ലാഭത്തിന് ചുമത്തുന്ന നികുതിയും വ്യത്യസ്തമാണ്.