തിരുവനന്തപുരം: ഭാഗ്യക്കുറി ടിക്കറ്റുകളുടെ സീരീസുകള്‍ വർദ്ധിപ്പിച്ച് സമ്മാനഘടന പരിഷ്കരിക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് മന്ത്രി കെ.എൻ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു.
ടിക്കറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും പുതിയ സീരീസുകള്‍ ഉള്‍പ്പെടുത്തി നറുക്കെടുപ്പ് നടത്തുന്നതിന് സാങ്കേതിക സൗകര്യം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഒൻപത് ലക്ഷം ടിക്കറ്റുകളാണ് ഒരു സീരിസില്‍ അച്ചടിക്കുന്നത്. നിലവിലെ സമ്മാനഘടനയിലെ പരമാവധിയായ 1.08കോടി ടിക്കറ്റുകള്‍ 12 സീരീസുകളിലായി അച്ചടിക്കുന്നുണ്ട്. ഇവ പൂർണമായും വിറ്റഴിയുന്നു.
അപേക്ഷയിലെ സീനിയോറിട്ടി ഉള്‍പ്പെടെ പരിഗണിച്ചാണ് ഏജന്റുമാർക്ക് ടിക്കറ്ര് നല്‍കുന്നത്. ഏജന്റുമാരോട് യാതൊരു വിവേചനവും ഭാഗ്യക്കുറി ഓഫീസുകളില്ല.
നിലവില്‍ അച്ചടിക്കുന്ന ടിക്കറ്റുകള്‍ എല്ലാവർക്കും ലഭ്യമാക്കാനാകാത്തതിനാല്‍ ഉയർന്ന സ്ലാബില്‍ ടിക്കറ്റെടുക്കുന്ന ഏജന്റുമാരില്‍ നിന്ന് മൂന്നു ഘട്ടങ്ങളിലായി രണ്ട് ശതമാനം ടിക്കറ്റുകള്‍ വെട്ടിക്കുറച്ച് ഭിന്നശേഷിക്കാർ (കാഴ്ച പരിമിതർക്ക് മുൻഗണന), വയോജനങ്ങള്‍, സ്ത്രീകള്‍, പരിഗണന അർഹിക്കുന്ന വിഭാഗങ്ങള്‍, 300-ല്‍ താഴെ ടിക്കറ്റെടുക്കുന്നവർ എന്നിവർക്ക് നല്‍കാൻ ഭാഗ്യക്കുറി ഡയറക്ടർ ഉത്തരവിറക്കി.
ചെറുകിട ഏജന്റുമാർക്ക് ടിക്കറ്റ് ലഭ്യത ഉറപ്പാക്കുന്നതിനും മുപ്പതിനായിരം അധിക തൊഴില്‍ സൃഷ്ടിക്കുന്നതിനുമാണ് സീരീസുകള്‍ ഉയർത്തി ടിക്കറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതെന്നും കെ.ജെ. മാക്‌സിയുടെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.