ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

എംഎസ്എംഇക്ക് 100% ഈടുരഹിത വായ്‌പ: നിർണായക മന്ത്രിതലയോഗം 22ന്

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് അതിവേഗം കരകയറാൻ എം.എസ്.എം.ഇകൾക്കായി കേന്ദ്രം ആവിഷ്‌കരിച്ച പ്രത്യേക വായ്‌പാപദ്ധതിയുടെ കാലാവധി നീട്ടുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ധനമന്ത്രാലയത്തിന്റെ അദ്ധ്യക്ഷതയിൽ നിർണായക മന്ത്രിതല യോഗം 22ന് ചേരും. ഈവർഷം മാർച്ച് 31വരെയാണ് നിലവിലെ കാലാവധി.

കേന്ദ്രസർക്കാരിന് കീഴിലെ നാഷണൽ ക്രെഡിറ്റ് ഗാരന്റി ട്രസ്‌റ്റീ കമ്പനിയുടെ (എൻ.സി.ജി.ടി.സി) 100 ശതമാനം ഗാരന്റിയുള്ളതും ഈടുരഹിതവുമായ വായ്‌പ അനുവദിക്കുന്ന എമർജൻസി ക്രെഡിറ്റ് ലൈൻ ഗാരന്റീ സ്‌കീമാണിത് (ഇ.സി.എൽ.ജി.എസ്).

ധനമന്ത്രിക്ക് പുറമേ എം.എസ്.എം.ഇ., ആരോഗ്യം, ടൂറിസം, വ്യോമയാന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ, പൊതുമേഖലാ ബാങ്ക് മേധാവികളും യോഗത്തിൽ സംബന്ധിക്കും.

2024ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. അതിന് മുമ്പ് ഒട്ടേറെ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുമുണ്ട്. ഈ സാഹചര്യത്തിൽ പദ്ധതിയുടെ കാലാവധി ഒരുവർഷത്തേക്ക് കൂടി നീട്ടുമെന്നാണ് സൂചനകൾ.

നിലവിലെ വായ്‌പാ ബാദ്ധ്യതയുടെ 20 ശതമാനം വരെ പുതിയ പ്രവർത്തന മൂലധന വായ്‌പയായി സംരംഭകർക്ക് അനുവദിക്കുന്ന സ്കീമാണ് ഇ.സി.എൽ.ജി.എസ്. സ്കീമിന്റെ കാലാവധി നീട്ടണമെന്ന് എം.എസ്.എം.ഇകൾ ആവശ്യപ്പെടുന്നുണ്ട്. എം.എസ്.എം.ഇ വായ്‌പകളിൽ കിട്ടാക്കടനിരക്ക് ഉയർന്നിട്ടില്ലെന്നത് അനുകൂലമായി ഇവർ ചൂണ്ടിക്കാട്ടുന്നു.

തുടക്കത്തിൽ എം.എസ്.എം.ഇകൾക്ക് മാത്രമായിരുന്നു പദ്ധതി. പിന്നീട് ടൂറിസം, ഹോസ്‌പിറ്റാലിറ്റി, ഊർജം, ടെക്‌സ്‌റ്റൈൽ, ആരോഗ്യരംഗം, വ്യോമയാനം, റീട്ടെയിൽ, സിമന്റ്, നിർമ്മാണം, ഹോട്ടൽ, റെസ്‌റ്റോറന്റ്, കാറ്ററിംഗ് തുടങ്ങിയവയെയും ഉൾപ്പെടുത്തി.

ബാങ്കുകൾ, എൻ.ബി.എഫ്.സികൾ എന്നിവയിലൂടെ ഇ.സി.എൽ.ജി.എസ് പ്രകാരം അഞ്ചുലക്ഷം കോടി രൂപ വായ്‌പ നൽകുകയായിരുന്നു കേന്ദ്രലക്ഷ്യം. കാലാവധി രണ്ടുഘട്ടമായി ഈവർഷം മാർച്ച് 31ലേക്കും നീട്ടി. 2022ലെ ബഡ്‌ജറ്റിൽ തുക 4.50 ലക്ഷം കോടി രൂപയിൽ നിന്ന് അഞ്ചുലക്ഷം കോടി രൂപയായും ഉയർത്തി.

എന്നാൽ, ഡിസംബർ 31വരെയുള്ള കണക്കുപ്രകാരം 1.19 കോടി സംരംഭകർക്കായി 3.60 ലക്ഷം കോടി രൂപയുടെ വായ്‌പയാണ് പദ്ധതിവഴി അനുവദിച്ചത്. ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്‌ട്ര, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഏറ്റവുമധികം ഗുണഭോക്താക്കൾ.

X
Top