തിരുവനന്തപുരം: വേനൽക്കാലത്ത് കേരളത്തെ കാത്തിരിക്കുന്നത് വൈദ്യുതിക്ഷാമം. വൈദ്യുതിബോർഡ് ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനാൽ വിലകൂടിയ വൈദ്യുതിവാങ്ങി ക്ഷാമം പരിഹരിക്കാനാവാത്ത സ്ഥിതിയിലാണ്.
ഏപ്രിൽ, മേയ് മാസങ്ങളിൽ വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്ന ആശങ്കയുമുണ്ട്.
ജലഅതോറിറ്റി ഉൾപ്പെടെയുള്ള സർക്കാർസ്ഥാപനങ്ങളുടെ കുടിശ്ശിക ലഭിക്കാതെ ഇനി ഒരിഞ്ചുപോലും മുന്നോട്ടുപോകാനാവില്ലെന്ന് വൈദ്യുതി ബോർഡ് സർക്കാരിനെ അറിയിച്ചു.
വൈദ്യുതി ഉപഭോഗം വൻതോതിൽ കൂടുന്നതും വിലകുറഞ്ഞ വൈദ്യുതി കിട്ടാനില്ലാത്തതും കുടിശ്ശിക പെരുകുന്നതുമാണ് ബോർഡിന്റെ സാമ്പത്തികപ്രതിസന്ധി രൂക്ഷമാക്കുന്നത്.
കുറഞ്ഞവിലയ്ക്ക് വൈദ്യുതി ലഭിച്ചുകൊണ്ടിരുന്ന കരാറുകൾ റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയത് പുനഃസ്ഥാപിച്ചെങ്കിലും വൈദ്യുതി കിട്ടുന്നില്ല. ഇതിനുപകരം ഫെബ്രുവരിവരെ 230 കോടി യൂണിറ്റ് ശരാശരി 5.35 രൂപയ്ക്ക് വാങ്ങിയതിന് 1000 കോടിയിലധികം ചെലവായി. ഇതിൽ 250 കോടി രൂപ അധിക ബാധ്യതയാണ്.
ഫെബ്രുവരിയിലും മാർച്ചിലും ശമ്പളവും പെൻഷനും നൽകാൻ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷനിൽനിന്ന് 500 കോടി രൂപ വായ്പയെടുക്കേണ്ടിവന്നു. മാർച്ചിലെ ആദ്യആഴ്ച വൈദ്യുതിവാങ്ങാൻ 200 കോടി രൂപ വേണം. ഇതിനും വായ്പയെടുക്കേണ്ടിവരും.
വൈദ്യുതിബിൽ കുടിശ്ശിക 5000 കോടി കടന്നു. ഇതിൽ 3500 കോടി രൂപ സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾ നൽകേണ്ടതാണ്. ജല അതോറിറ്റിമാത്രം 3000 കോടി രൂപയിലേറെ നൽകാനുണ്ട്. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി ജല അതോറിറ്റിക്ക് സൗജന്യമായി നൽകുന്ന സ്ഥിതിയാണിപ്പോൾ.
വൈദ്യുതി ഉപയോഗത്തിൽ ഓരോ മാസവും കഴിഞ്ഞവർഷത്തെക്കാൾ ശരാശരി 10 ശതമാനം വർധനയുണ്ട്. ഇക്കാരണത്താൽ ജൂൺമുതൽ ഫെബ്രുവരിവരെ 95 കോടി യൂണിറ്റ് പ്രതീക്ഷിച്ചതിലും അധികം വേണ്ടിവന്നു.
പ്രധാന അണക്കെട്ടുകളുള്ള ഇടുക്കിയിൽമാത്രം 54 ശതമാനം മഴ കുറഞ്ഞു. അണക്കെട്ടുകളിലെ നീരൊഴുക്ക് കുറഞ്ഞതിനാൽ വൈദ്യുതി ഉത്പാദനത്തിൽ പ്രതീക്ഷിച്ചതിലും 235.9 കോടി യൂണിറ്റ് കുറയും.
മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലേക്ക് ഹ്രസ്വകാലകരാറുകളിലും ഇപ്പോൾ നൽകുന്ന വൈദ്യുതി പിന്നീട് തിരിച്ചുനൽകാമെന്ന വ്യവസ്ഥയിലുള്ള കരാറുകളിലും ബോർഡ് ഏർപ്പെട്ടിട്ടുണ്ട്.
ഹ്രസ്വകാലകരാറിൽ യൂണിറ്റിന് 8.69 രൂപവരെ വിലയുണ്ട്. പവർ എക്സ്‌ചേഞ്ചിൽനിന്ന് ഓരോ മാസത്തേക്കുമുള്ള കരാറുകളിലൂടെ വൈദ്യുതി വാങ്ങാൻ 750 കോടി വേണം.
ഇതിനുപുറമേ, ദിവസേനയുള്ള അധിക ആവശ്യത്തിന് പവർ എക്സ്‌ചേഞ്ചിൽനിന്ന് യൂണിറ്റിന് 10 രൂപയിലേറെ വില നൽകി വൈദ്യുതി വാങ്ങുന്നുണ്ട്. ഇതിന് ആറുകോടിവരെ ദിവസേന ചെലവാകുന്നു.
ഈ മാസങ്ങളിൽ രാജ്യമാകെ വൈദ്യുതി ഉപഭോഗം കുതിച്ചുയരുമ്പോൾ വില നൽകിയാലും വൈദ്യുതി കിട്ടുമോ എന്ന ആശങ്കയിലാണ് ബോർഡ്.
അങ്ങനെ വന്നാൽ വൈദ്യുതി ഉപഭോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരും.