
ന്യൂഡല്‍ഹി: ദേശീയ സാമ്പത്തിക വിവര രജിസ്ട്രി, കടം അനുവദിക്കുന്നത് വേഗത്തിലാക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കടമെടുക്കുന്നവരെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും സ്വായത്തമാക്കാന്‍ രജിസ്ട്രി വായ്പാദാതാക്കളെ സഹായിക്കും. ഇതുവഴി വായ്പാ ഉപരോധങ്ങളും വായ്പാ ഒഴുക്കും ത്വരിതപ്പെടും.
”വായ്പ അനുവദിക്കുന്നതിന് ധാരാളം വിവരങ്ങള്‍ ആവശ്യമാണ്. രജിസ്ട്രി വഴി ഇത്തരം വിവരങ്ങള്‍ വായ്പാദാതാക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകും. ” രജിസ്ട്രിക്ക് നിയമത്തിന്റെ പിന്തുണയുണ്ടാകുമെന്നും കരട് ബില്ലിന് ഉടന്‍ അന്തിമരൂപം നല്‍കുമെന്നും ദാസ് പറഞ്ഞു. സെന്‍ട്രല്‍ ബാങ്ക് ബോര്‍ഡിന്റെ യോഗത്തിന് ശേഷം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമൊത്ത് പത്രക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2023-24 യൂണിയന്‍ ബജറ്റിലാണ് സാമ്പത്തിക വിവര രജിസ്ട്രി പ്രഖ്യാപിക്കപ്പെട്ടത്. വില സ്ഥിരത നിലനിര്‍ത്താന്‍ പലിശ നിരക്ക് വര്‍ദ്ധന കാരണമാകുമെന്ന് പറഞ്ഞ ഗവര്‍ണര്‍ ഡെപ്പോസിറ്റ്, വായ്പാനിരക്കുകള്‍ നിശ്ചയിക്കുക വിപണി ശക്തികളാണെന്നും പറഞ്ഞു. തുടര്‍ച്ചയായുള്ള നിരക്ക് വര്‍ദ്ധന ഭവന ഡിമാന്റ് കുറയ്ക്കുമോ എന്ന ചോദ്യത്തിനാണ് ഗവര്‍ണര്‍ ഇങ്ങിനെ പ്രതികരിച്ചത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി നെഗറ്റീവായിരുന്ന പലിശനിരക്ക് ഇപ്പോള്‍മാത്രമാണ് പോസിറ്റീവ് ടെറിട്ടറിയിലേയ്ക്ക് വന്നത്. നെഗറ്റീവ് നിരക്ക് വളരെക്കാലം തുടരുന്നത് സാമ്പത്തിക വ്യവസ്ഥയില്‍ അസ്ഥിരത സൃഷ്ടിക്കും. നിയന്ത്രണങ്ങള്‍ രൂപീകരിക്കുന്നതിന് മുമ്പ് പൊതു കൂടിയാലോചനകള്‍ നടത്തണമെന്ന ബജറ്റ് നിര്‍ദ്ദേശം ഇതിനോടകം പാലിച്ചു തുടങ്ങിയിട്ടുണ്ട്.
അതേസമയം തന്ത്രപരമായ കാര്യങ്ങളുണ്ട്. സാധ്യമാകുന്നിടത്തോളം പൊതുകൂടിയാലോചന വേണമെന്നാണ് ബജറ്റ് നിര്‍ദ്ദേശം, ഗവര്‍ണര്‍ വിശദീകരിച്ചു. ബാങ്ക്,നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനി, പേയ്മെന്റ് സിസ്റ്റം അഗ്രഗേറ്റര്‍ അപേക്ഷകള്‍ സമയബന്ധിതമായി ക്ലിയര്‍ ചെയ്യുന്നതില്‍ സെന്‍ട്രല്‍ ബാങ്ക് ഒരു വെല്ലുവിളി നേരിടുന്നുവെന്ന് ഗവര്‍ണര്‍ സമ്മതിച്ചു. രാജ്യത്തിനകത്തും ചില സന്ദര്‍ഭങ്ങളില്‍ ഇന്ത്യയ്ക്ക് പുറത്തുമുള്ള റെഗുലേറ്റര്‍മാരില്‍ നിന്നും ഏജന്‍സികളില്‍ നിന്നുമുള്ള ഇന്‍പുട്ടുകള്‍ വേണ്ടിവരുന്നതിനാലാണ് ഇത്.
എങ്കിലും നടപടികള്‍ പരാമവധി വേഗത്തിലാക്കും.