ന്യൂഡല്‍ഹി: കൊച്ചിന്‍ ഷിപ്പ്യാര്‍ഡിലെ 3 ശതമാനം വരെ ഓഹരികള്‍ കേന്ദ്രസര്‍ക്കാര്‍ വില്‍പന നടത്തിയേക്കും. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) വഴിയാകും ഓഹരികള്‍ വില്‍പന നടത്തുക.
”കൊച്ചിന്‍ ഷിപ്പ് യാര്‍ഡിനായി സര്‍ക്കാര്‍ ഒഎഫ്എസ് ആസൂത്രണം ചെയ്യുന്നു.ടൈംലൈന്‍ തീരുമാനിച്ചിട്ടില്ലെങ്കിലും, മൂന്നാംപാദത്തില്‍ ഒഎഫ്എസ് നടക്കാനാണ് സാധ്യത. 2-3 ശതമാനം ഓഹരികളാണ് ഡിഐപിഎഎം (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ്) വിറ്റഴിക്കുക,” ‘ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.
500-600 കോടി രൂപ ഒഎഫ്എസ് വഴി സമാഹരിക്കാമെന്ന് ധനമന്ത്രാലയം കരുതുന്നു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊച്ചിന്‍ ഷിപ്പ്യാര്‍ഡിനെ സെന്‍ട്രല്‍ പബ്ലിക് സെക്ടര്‍ എന്റര്‍പ്രൈസ് (സിപിഎസ്ഇ) ഷെഡ്യൂള്‍ എയിലേയ്ക്ക് ഈയിടെ അപ്‌ഗ്രേഡ് ചെയ്തിരുന്നു. നേരത്തെ ‘ഷെഡ്യൂള്‍ ബി’യിലാണ് കമ്പനിയുണ്ടായിരുന്നത്.
72.86 ശതമാനം പങ്കാളിത്തമാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ കേന്ദ്രസര്‍ക്കാറിനുള്ളത്.പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് 51,000 കോടി രൂപ സമാഹരിക്കാനാണ് 2023-24 കേന്ദ്ര ബജറ്റ് ലക്ഷ്യമിടുന്നത്. എന്നാല്‍ സ്വകാര്യവത്ക്കരണം വേണ്ടത്ര വിജയകരമാകാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഒഎഫ്എസ് പരിഗണിക്കുന്നു.
കോള്‍ ഇന്ത്യയുടെ 3 ശതമാനം ഓഹരികള്‍ ഈയിടെ ഒഎഫ്എസ് വഴി വിറ്റഴിച്ചിരുന്നു.