ബെംഗളൂരു: ബി2ബി ക്രെഡിറ്റ് ഇൻഫ്രാസ്ട്രക്ചർ ഫിൻടെക് ആയ ഫിൻബോക്സ്, A91 പാർട്‌ണേഴ്‌സ് നേതൃത്വം നൽകിയ സീരീസ് എ ഫണ്ടിംഗിൽ 15 മില്യൺ ഡോളർ സമാഹരിച്ചു. ഫണ്ടിംഗ് റൗണ്ടിൽ ആദിത്യ ബിർള വെഞ്ചേഴ്‌സ്, ഫ്ലിപ്കാർട്ട് വെഞ്ച്വേഴ്‌സ്, നിലവിലുള്ള നിക്ഷേപകനായ അരളി വെഞ്ച്വേഴ്‌സ് എന്നിവരും പങ്കാളികളായി.
ഫിൻബോക്സ് ഈ മൂലധനം ഉപയോഗിച്ച് തെക്ക്-കിഴക്കൻ ഏഷ്യയിലേക്ക് അതിന്റെ പ്രവർത്തനം വ്യാപിപ്പിക്കും. കൂടാതെ വിപുലീകരണത്തിന് കരുത്ത് പകരാൻ നിലവിലെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കുമെന്നും കമ്പനി അറിയിച്ചു.
കമ്പനിയുടെ എംബഡഡ് ഫിനാൻസ് സ്റ്റാക്ക്, ഡാറ്റ ഇന്റലിജൻസ് സ്യൂട്ട് എന്നിവയിലൂടെ എൻബിഎഫ്‌സികൾ, ബാങ്കുകൾ, ഫിൻടെക്കുകൾ എന്നിവയുൾപ്പെടെ 50-ലധികം പങ്കാളികളുടെ ഇക്കോസിസ്റ്റം വഴി 2023 മാർച്ചോടെ 20,000 കോടിയിലധികം രൂപയുടെ ക്രെഡിറ്റ് വിതരണം സുഗമമാക്കാനാണ് ഫിൻബോക്സ് ലക്ഷ്യമിടുന്നത്.
ബിഎൻപിഎൽ, വ്യക്തിഗത വായ്പകൾ, പ്രവർത്തന മൂലധന വായ്പകൾ, ഇൻവോയ്സ് ഫിനാൻസിംഗ് മുതലായവ പോലുള്ള ഡിജിറ്റൽ ക്രെഡിറ്റ് ഉൽപ്പന്നങ്ങൾ സമാരംഭിക്കാൻ ഫിൻബോക്സിന്റെ സാങ്കേതികവിദ്യ ഏതൊരു ഡിജിറ്റൽ പ്ലാറ്റ്ഫോമിനെയും പ്രാപ്തമാക്കുന്നു. കൂടാതെ സ്റ്റാർട്ടപ്പ് 25-ലധികം ബാങ്കുകൾ, എൻബിഎഫ്‌സികൾ, ഫിൻടെക്കുകൾ, ക്രെഡിറ്റ് മാർക്കറ്റ്‌പ്ലേസുകൾ എന്നിവയ്ക്ക് ക്രെഡിറ്റ് റിസ്ക് ഇന്റലിജൻസ് സേവനം നൽകുന്നു.