മുംബൈ: സൂറത്തിലെ സച്ചിൻ ജിഐഡിസി യൂണിറ്റ് 6 ലെ പ്ലാന്റിൽ സെപ്റ്റംബർ 10ന് രാത്രി തീപിടുത്തമുണ്ടായതായി കമ്പനി അറിയിച്ചു. ഈ അറിയിപ്പിനെ തുടർന്ന് അനുപം രസായൻ ഇന്ത്യ ഓഹരികൾ 4.55 ശതമാനം ഇടിഞ്ഞ് 751.65 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
ഫയർ റെസ്‌പോൺസ് ടീമിന്റെയും പ്രാദേശിക ഫയർഫോഴ്‌സിൻെറയും ഒരു മണിക്കൂറോളം നീണ്ട സംയുക്ത പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാതെന്നും. സംഭവത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. തീപിടിത്തത്തിൽ 4 മരണങ്ങൾ സംഭവിച്ചതായും 20 പേർക്ക് പരിക്കേറ്റതായും കമ്പനി പറഞ്ഞു.
അനുപം രസായന്റെ സൂറത്ത് ജില്ലയിലെ സച്ചിൻ ജിഐഡിസിയിലെയും ജഗാഡിയ ജിഐഡിസിയിലെയും വിവിധ സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആറ് നിർമ്മാണ യൂണിറ്റുകളിൽ ഏറ്റവും കുറഞ്ഞ ശേഷിയുള്ളതാണ് നിലവിൽ തീപിടിത്തം ഉണ്ടായ യൂണിറ്റ് 6-ലെ പ്ലാന്റ്.
നാശനഷ്ടം വിലയിരുത്താൻ ശ്രമിക്കുകയാണെന്നും പ്ലാന്റ് ഉടൻ പ്രവർത്തനക്ഷമമാക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.
ഇന്ത്യയിൽ സ്പെഷ്യാലിറ്റി കെമിക്കൽസിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന മുൻനിര കമ്പനികളിലൊന്നാണ് അനുപം രസായൻ ഇന്ത്യ. അഗ്രോകെമിക്കൽസ്, പേഴ്സണൽ കെയർ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ, സ്പെഷ്യാലിറ്റി പിഗ്മെന്റ്, ഡൈകൾ, പോളിമർ അഡിറ്റീവുകൾ തുടങ്ങിയവയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.