കൊച്ചി: സംസ്ഥാനത്തെ ആദ്യ കയറ്റുമതി നയം രണ്ടു മാസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ സംസ്ഥാന തലത്തിൽ രൂപീകരിക്കും.
വ്യവസായ ഡയറക്ടറേറ്റിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും കയറ്റുമതി പ്രോത്സാഹനത്തിന് നോഡൽ ഓഫിസർമാരെ നിയമിക്കും.
കെഎസ്ഐഡിസി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ കയറ്റുമതി മേഖലയിൽ നിന്നുള്ള വ്യക്തികളും സംഘടനാ പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു മന്ത്രി. കയറ്റുമതിക്കായി കൊമേഴ്സ് മിഷൻ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
മെഡിക്കൽ ഡിവൈസസ്, ഇലക്ട്രോണിക്സ് മേഖലകളിലെ ആഗോള കമ്പനികളുടെ സ്റ്റോക്ക് യാഡ്, അസംബ്ലിങ് സെന്ററുകൾ എന്നിവ കേരളത്തിലേക്ക് എത്തിക്കുന്നതിന് പദ്ധതി തയാറാക്കും.
വിമാനത്താവളങ്ങളോട് ചേർന്ന് കയറ്റുമതി ഉൽപന്നങ്ങളുടെ ഗുണനിലവാര പരിശോധനയ്ക്കും സംഭരണത്തിനുമുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതു പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ രക്ഷാ ഉപകരണ മേഖലയിലെ പ്രധാന കമ്പനികളുമായി കൂടിക്കാഴ്ചയ്ക്ക് പരിപാടി തയാറാക്കുമെന്ന് മന്ത്രി അറിയിച്ചു. ഇലക്ട്രോണിക്സ് മേഖലയിലുള്ള ആഗോള കമ്പനികളേയും ഘടക ഉൽപന്നങ്ങളുടെ വിതരണക്കാരേയും കേരളത്തിലേക്ക് എത്തിക്കാൻ പരിപാടി തയാറാക്കും.
സിംഗപ്പൂർ മാതൃകയിൽ ആഗോള കമ്പനികളുടെ സ്റ്റോക്ക്‌യാഡുകൾ കേരളത്തിൽ ആരംഭിക്കും.
കൊച്ചി തുറമുഖത്തെ തൊഴിൽ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് സ്ഥിരം സമിതി വേണമെന്നു പ്രതിനിധികൾ ആവശ്യപ്പെട്ടു.