ഹൈദരാബാദ്: ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ പാസഞ്ചര്‍ വിമാനം ഡോര്‍ണിയര്‍ 228 സര്‍വീസ് ആരംഭിച്ചു. 17 സീറ്റുകളുള്ള ഡോര്‍ണിയര്‍ 228 നിര്‍മിച്ചത് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡ് (എച്ച്എഎല്‍) ആണ്. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഫ്ലാഗ് ഓഫ് ചെയ്ത വിമാനത്തിന്റെ ആദ്യ യാത്ര അസമിലെ ദിബ്രുഗഢില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ പസിഘട്ടിലേക്കായിരുന്നു.
എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള അലയന്‍സ് എയര്‍ ആണ് സര്‍വീസ് നടത്തുന്നത്. എച്ച്എഎല്ലില്‍ നിന്ന് ഡോര്‍ണിയര്‍ വിമാനം വാടകയ്ക്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അലയന്‍സ് എയര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കരാറിലെത്തിയിരുന്നു. ഏപ്രില്‍ ഏഴിനാണ് അലയന്‍സ് എയറിന് ആദ്യ ഡോര്‍ണിയര്‍ 228 വിമാനം എച്ച്എഎല്‍ കൈമാറിയത്. വടക്ക്-കിഴക്കന്‍ ഇന്ത്യയുടെ സാമ്പത്തിക-വാണിജ്യ പുരോഗതി ലക്ഷ്യമിട്ടാണ് സര്‍വീസുകള്‍ ആരംഭിച്ചത്. 1982 മുതല്‍ രാജ്യത്തെ സായുധ സേനകളുടെ ഭാഗമാണ് ഡോര്‍ണിയര്‍ വിമാനങ്ങള്‍.