
ചെന്നൈ: സ്വകാര്യറോക്കറ്റിനു പിന്നാലെ ഇന്ത്യയിലാദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണകേന്ദ്രവും യാഥാർഥ്യമായി. ശ്രീഹരിക്കോട്ടയിൽ ഐ.എസ്.ആർ.ഒ.യുടെ സതീഷ് ധവാൻ സ്പെയ്‌സ് സെന്ററിലാണ് ചെന്നൈയിലെ ബഹിരാകാശ ഗവേഷണ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസ് സ്വന്തം വിക്ഷേപണകേന്ദ്രം സജ്ജമാക്കിയത്. ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥ് ഉദ്ഘാടനം നിർവഹിച്ചു.
ഐ.എസ്.ആർ.ഒ.യുടെയും ഇന്ത്യൻ ബഹിരാകാശ ഗവേഷണ വികസനകേന്ദ്രത്തിന്റെ (ഇൻസ്പേസ്)യും സഹകരണത്തോടെ അഗ്നികുൽ നിർമിച്ച വിക്ഷേപണകേന്ദ്രത്തിൽ വിക്ഷേപണത്തറയും നിയന്ത്രണസംവിധാനവുമാണുള്ളത്.
വിക്ഷേപണത്തറയിൽ നിന്ന് നാലു കിലോമീറ്റർ അകലെയുള്ള നിയന്ത്രണകേന്ദ്രത്തിന് ഐ.എസ്.ആർ.ഒ.യുടെ കൺട്രോൾ യൂണിറ്റുമായി വിവരങ്ങൾ കൈമാറാനും കഴിയും.
ബഹിരാകാശ സാങ്കേതികവിദ്യ ജനങ്ങളിലേക്കിറങ്ങിച്ചെല്ലുന്നതിന്റെ പ്രതീകമാണ് പുതിയ വിക്ഷേപണകേന്ദ്രമെന്ന് അഗ്നികുൽ സി.ഇ.ഒ. ശ്രീനാഥ് രവിചന്ദ്രൻ പറഞ്ഞു.
ഇന്ത്യയിൽ സ്വകാര്യസംരംഭം നിർമിച്ച ആദ്യ റോക്കറ്റിന്റെ പരീക്ഷണവിക്ഷേപണം നവംബർ 18-നാണ് നടന്നത്. ഹൈദരാബാദിലെ സ്കൈറൂട്ട് എയ്‌റോ സ്പെയ്‌സ് നിർമിച്ച വിക്രം-എസ് റോക്കറ്റ് വിക്ഷേപണത്തിനുപയോഗിച്ചത് ഐ.എസ്.ആർ.ഒ.യുടെ വിക്ഷേപണത്തറയാണ്.
അഗ്നികുൽ നിർമിച്ച അഗ്നിബാൺ റോക്കറ്റിന്റെ വിക്ഷേപണം അടുത്തവർഷം നടക്കാനിരിക്കെയാണ് സ്വന്തമായി വിക്ഷേപണകേന്ദ്രം ഒരുക്കിയത്. നൂറുകിലോഗ്രാമിൽ താഴെ ഭാരമുള്ള ചെറിയ ഉപഗ്രഹങ്ങളെ 700 കിലോമീറ്റർ വരെ ഉയരമുള്ള ഭ്രമണപഥത്തിലെത്തിക്കാൻ ശേഷിയുള്ളതാണ് അഗ്നിബാൺ. ആദ്യവിക്ഷേപണത്തിൽ ഉപഗ്രഹമാതൃകയാവും പരീക്ഷിക്കുക.
ചെറു ഉപഗ്രഹങ്ങൾ കുറഞ്ഞചെലവിൽ വിക്ഷേപിക്കുന്നതിന് അവസരമൊരുക്കുകയാണ് അഗ്നികുലിന്റെ ലക്ഷ്യം. ഐ.ഐ.ടി. മദ്രാസ് റിസർച്ച് പാർക്കിൽ അഗ്നികുലിന് റോക്കറ്റ് ഫാക്ടറിയുണ്ട്.
ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയുപയോഗിച്ച് റോക്കറ്റ് എൻജിൻ നിർമിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രമാണിത്. ഏച്ചുകൂട്ടലുകളില്ലാതെ റോക്കറ്റ് എൻജിൻ ഒറ്റവാർപ്പിൽ നിർമിക്കാമെന്നതാണ് ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയുടെ സവിശേഷത.
സ്കൈ റൂട്ടിനും അഗ്നികുലിനും പുറമേ ദിഗന്ധര, ധ്രുവ, ബെലാട്രിക്സ്, പിക്സൽ തുടങ്ങി വിവിധ സ്റ്റാർട്ടപ്പുകൾ ഇന്ത്യയിൽ ബഹിരാകാശഗവേഷണരംഗത്ത് പ്രവർത്തിക്കുന്നുണ്ട്.