ന്യൂഡല്‍ഹി: നിക്ഷേപകര്‍ വന്‍ തോതില്‍ നിക്ഷേപം പിന്‍വലിച്ചതിനെ തുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്‌ക്കോ ആസ്ഥാനമായ ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക് പ്രതിസന്ധിയിലായി. 100 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ഒറ്റദിവസം കൊണ്ട് പിന്‍വലിക്കപ്പെട്ടത്. ഇതോടെ ബാങ്ക് ഓഹരി 50 ശതമാനം ഇടിവ് നേരിട്ടു.
വാള്‍സ്ട്രീറ്റ് സൂചികകള്‍ കൂപ്പുകുത്തി. നിക്ഷേപത്തിന്റെ 40 ശതമാനം നഷ്ടപ്പെട്ടതായി വായ്പാദാതാവ് വെളിപെടുത്തുന്നു. സിലിക്കണ്‍ വാലി ബാങ്കിന്റെയും സിഗ്നേച്ച്വര്‍ ബാങ്കിന്റെയും തകര്‍ച്ചയാണ് ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിനേയും ബാധിച്ചത്.
പ്രതിസന്ധി മറികടക്കാന്‍ ‘ തന്ത്രപരമായ ഓപ്ഷനുകള്‍’ പരിഗണിക്കുകയാണ് ബാങ്ക്. ലാഭകരമല്ലാത്ത ആസ്തികള്‍ വില്‍ക്കാനും നാലിലൊന്ന് ജീവനക്കാരെ പിരിച്ചുവിടാനും ആലോചിക്കുന്നു.മൊത്തം 7,200 ഓളം ജീവനക്കാരാണ് ബാങ്കിനുള്ളത്.
എന്നാല്‍ സ്വന്തന്ത്ര വായ്പാദാതാവെന്ന നിലയിലും വലിയ സ്ഥാപനങ്ങളുടെ ഭാഗമെന്ന നിലയിലും ബാങ്കിന് ഭാവിയുണ്ടോ എന്നാണ് നിക്ഷേപകര്‍ ഉയര്‍ത്തുന്ന ചോദ്യം.
കഴിഞ്ഞമാസമാണ് ഫസ്റ്റ്ബാങ്ക് റിപ്പബ്ലിക്കില്‍ പ്രതിസന്ധി ഉടലെടുക്കുന്നത്. തുടര്‍ന്ന് ജെപി മോര്‍ഗന്‍, സിറ്റി, ബാങ്ക് ഓഫ് അമേരിക്ക, വെല്‍സ് ഫാര്‍ഗോ എന്നീ സ്ഥാപനങ്ങള്‍ 30 ബില്യണ്‍ ഡോളര്‍ ജീവന്‍ രക്ഷാ സഹായം നല്‍കി.അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് ബാങ്കിനെ പുനരൂജ്ജീവിപ്പിക്കാനായില്ല.
പ്രതിസന്ധിയെ തുടര്‍ന്ന് ഉപഭോക്താക്കള്‍ യുഎസ് പ്രാദേശിക ബാങ്കുകളെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വെസ്റ്റേണ്‍ അലയന്‍സ് ബാന്‍ കോര്‍പ്പറേഷന്‍, സിയോണ്‍സ് ബാന്‍കോര്‍പ്പ്, ജെപി മോര്‍ഗന്‍ എന്നിവയുള്‍പ്പെടെ മറ്റ് ബാങ്ക് ഓഹരികളും ചൊവ്വാഴ്ച വന്‍ തകര്‍ച്ച നേരിട്ടുണ്ട്.