
കണ്ണൂർ: കേരളത്തിലെ തീവണ്ടിയാത്രയുടെ സ്വഭാവംതന്നെ മാറ്റിയ ആദ്യ വന്ദേഭാരതിന് ഒരു വയസ്സ്. തിരുവനന്തപുരം-കാസർകോട്-തിരുവനന്തപുരം (20633/20634) വന്ദേഭാരത് ഓട്ടത്തിലും ജനപ്രീതിയിലും ഇപ്പോഴും ഹിറ്റാണ്.
രാജ്യത്ത് സർവീസ് നടത്തുന്ന 51 വന്ദേഭാരതുകളിൽ യാത്രക്കാരുടെ എണ്ണത്തിലും ഒക്യുപ്പെൻസിയിലും മുന്നിലാണ് (ഇറങ്ങിയും കയറിയും ഓരോ 100 സീറ്റും ഇരുന്നൂറോളം യാത്രക്കാർ ഉപയോഗിക്കുന്നു).
ഇന്ത്യയിൽ ഒക്യുപ്പെൻസി 200 ശതമാനത്തിനടുത്ത് തുടരുന്ന ഏക തീവണ്ടിയാണിത്. 16 റേക്കുള്ള വണ്ടിയിൽ 1100-ഓളം സീറ്റുണ്ട്. 2023 ഏപ്രിൽ 25-ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത വണ്ടി 28 മുതൽ സ്ഥിരം സർവീസായി.
റെയിൽവേ പുറത്തുവിട്ട ആദ്യ ആറുദിവസത്തെ കണക്കുപ്രകാരം 2.7 കോടി രൂപയാണ് ടിക്കറ്റ് നിരക്കിൽ ലഭിച്ചത്. എപ്പോഴും സീറ്റ് ഫുള്ളുമാണ്. ബുക്കിങ്നില പ്രകാരം അടുത്ത ഒരാഴ്ചത്തേക്കുള്ള ചെയർകാർ സീറ്റിൽ 63 ആണ് വെയിറ്റിങ്. എക്സിക്യുട്ടീവ് ചെയറിലും വെയിറ്റിങ് തന്നെ.
മംഗളൂരു-ഗോവ-മംഗളൂരു വന്ദേഭാരതിന്റെ ഒക്യുപ്പെൻസി നിരക്ക് 50 ശതമാനത്തിൽ കീഴെയാണ്. കേരളത്തിലെ രണ്ടാം വന്ദേഭാരതിന്റെ (തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം) ഒക്യുപ്പെൻസി നിരക്ക് 165 ശതമാനത്തിന് മുകളിലാണ്.
വന്ദേഭാരത് വന്നതിനുശേഷമാണ് തീവണ്ടികളുടെ വേഗം കൂട്ടാൻ പാളത്തിൽ പണിയും തുടങ്ങിയത്. വേഗം 130 കിലോമീറ്ററിൽ എത്തിക്കാൻ വളവുനികത്തൽ, പുതിയ സിഗ്നലിങ് സംവിധാനം ഉൾപ്പെടെയുള്ളവയും തുടങ്ങി.
വണ്ടിയിൽ ഓടിക്കയറുന്നതും വാതിൽക്കൽ ഇരിക്കുന്നതുമായ ചില ശീലങ്ങൾക്കും വന്ദേഭാരത് മാറ്റംവരുത്തി. ഓട്ടോമാറ്റിക് വാതിലുകളാണ് വന്ദേഭാരതിലുള്ളത്. ഭക്ഷണം, വെള്ളം എന്നിവയിൽ ചില മാറ്റങ്ങൾ വന്നു.
മാർച്ചു മുതൽ അരലിറ്റർ കുപ്പിവെള്ളംകൂടി (റെയിൽ നീര്) നൽകാൻ തുടങ്ങിയിരുന്നു. കറന്റ് ടിക്കറ്റിൽ ഭക്ഷണം ബുക്ക് ചെയ്തവർക്ക് സാധാരണ നൽകുന്ന വേവിച്ച ആഹാരം നൽകുന്നത് നിർത്തി. കറന്റ് ബുക്കിങ് യാത്രക്കാർക്ക് പാക്ക്ചെയ്ത ഭക്ഷണമാണ് നൽകുന്നത്.
മറ്റു വണ്ടികളുടെ സമയക്രമങ്ങളെ ബാധിക്കാതിരിക്കാൻ വന്ദേഭാരതിന്റെ സമയക്രമം രണ്ടുതവണ മാറ്റിയിരുന്നു. ഇപ്പോഴും ചില പിടിച്ചിടൽ മറ്റുവണ്ടികളിലെ യാത്രക്കാരെ വലയ്ക്കുന്നുണ്ട്.
നിലവിൽ രാവിലെ 5.15-ന് തിരുവനന്തപുരത്തുനിന്ന് (20634) പുറപ്പെട്ട് ഉച്ചയ്ക്ക് 1.20-ന് കാസർകോട്ടെത്തും.
ഉച്ചയ്ക്ക് 2.30-ന് കാസർകോടുനിന്ന് (20633) തിരുവനന്തപുരത്തേക്ക് പുറപ്പെടും. രാത്രി 10.40-ന് എത്തും.