
ന്യൂഡൽഹി: ആഗോള വ്യാപാരയുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറച്ച് ഫിച്ച് റേറ്റിംഗ്‌സ്. ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ എസ്റ്റിമേറ്റ് 10 ബേസിസ് പോയിന്റ് കുറച്ചുകൊണ്ട് 6.4 ശതമാനമാക്കി. എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രവചനങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്.
‘യുഎസ് വ്യാപാര നയം ആത്മവിശ്വാസത്തോടെ പ്രവചിക്കുക പ്രയാസമാണ്. വന്‍തോതിലുള്ള നയ അനിശ്ചിതത്വം ബിസിനസ് നിക്ഷേപ സാധ്യതകളെ ബാധിക്കുകയാണ്. ഓഹരി വിലയിലെ ഇടിവ് ഗാര്‍ഹിക സമ്പത്ത് കുറയ്ക്കുകയും ചെയ്യും.
യുഎസ് കയറ്റുമതിക്കാര്‍ പ്രതികാര നടപടികളുടെ ഭീഷണി നേരിടുകയും ചെയ്യും,’ ത്രൈമാസ ഗ്ലോബല്‍ ഇക്കണോമിക് ഔട്ട്ലുക്കിന് നല്‍കിയ പ്രത്യേക അപ്ഡേറ്റില്‍ ഫിച്ച് പറഞ്ഞു.
ഫിച്ച് 2025 ലെ ലോക വളര്‍ച്ചാ പ്രവചനങ്ങള്‍ 0.4 ശതമാനവും ചൈനയുടെയും യുഎസിന്റെയും വളര്‍ച്ച 0.5 ശതമാനവും കുറച്ചിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഫിച്ച് 2024-25 സാമ്പത്തിക വര്‍ഷത്തിലെയും നിലവിലെ 2025-26 സാമ്പത്തിക വര്‍ഷത്തിലെയും ജിഡിപി വളര്‍ച്ചാ പ്രവചനങ്ങള്‍ 10 ബേസിസ് പോയിന്റുകള്‍ കുറച്ചുകൊണ്ട് യഥാക്രമം 6.2 ശതമാനവും 6.4 ശതമാനവുമാക്കി.
2026-27 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച 6.3 ശതമാനമായി നിലനിര്‍ത്തി.
2025-ല്‍ അമേരിക്കയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 1.2 ശതമാനമായി പോസിറ്റീവ് ആയി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷവും അടുത്ത വര്‍ഷവും ചൈനയുടെ വളര്‍ച്ച 4 ശതമാനത്തില്‍ താഴെയാകുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം യൂറോസോണിലെ വളര്‍ച്ച 1 ശതമാനത്തില്‍ താഴെയായി തുടരുമെന്ന് ഫിച്ച് പ്രവചനങ്ങള്‍ പറയുന്നു.