ന്യൂഡല്‍ഹി: സമീപ കാല വളര്‍ച്ചാ വേഗത, ആദ്യപാദത്തിലെ ശക്തമായ വീണ്ടെടുപ്പ് എന്നിവയുടെ വെളിച്ചത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ചാ അനുമാനം ഉയര്‍ത്തിയിരിക്കയാണ് പ്രമുഖ റേറ്റിംഗ് ഏജന്‍സി ഫിച്ച്. 2023-24 സാമ്പത്തിക വളര്‍ച്ച 6.3 ശതമാനമാകുമെന്ന് അവര്‍ പറയുന്നു. നേരത്തയുള്ള അനുമാനം 6 ശതമാനമായിരുന്നു.
നിലവിലെ അനുമാനം മുന്‍ സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചയെ അപേക്ഷിച്ച് കുറവാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 7.2 ശതമാനം ജിഡിപി വളര്‍ച്ച രേഖപ്പെടുത്തി. അതിന് മുന്‍പുള്ള വര്‍ഷത്തില്‍ (2022 സാമ്പത്തിക വര്‍ഷം) 9.1 ശതമാനമായിരുന്നു മുന്നേറ്റം.
”ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ ജിഡിപി പ്രതിവര്‍ഷം 6.1 ശതമാനം ഉയര്‍ന്നു. ഓട്ടോ വില്‍പ്പന, പിഎംഐ സര്‍വേകള്‍, വായ്പാ വളര്‍ച്ച എന്നിവ സമീപ മാസങ്ങളില്‍ ശക്തമായി തുടരുന്നു.അതുകൊണ്ടുതന്നെ,2024 മാര്‍ച്ചില്‍ (2023-24 സാമ്പത്തിക വര്‍ഷം) അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള ഞങ്ങളുടെ വളര്‍ച്ചാ പ്രവചനം 6.3 ശതമാനമായി ഉയര്‍ത്തുന്നു,” റേറ്റിംഗ് ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.
2024-25, 2025-26 സാമ്പത്തിക വര്‍ഷങ്ങളില്‍ 6.5 ശതമാനം വീതം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലെ ജിഡിപി വളര്‍ച്ച പ്രതീക്ഷിച്ചതിലും കൂടുതലാണെന്നും തുടര്‍ച്ചയായ രണ്ട് ത്രൈമാസ സങ്കോചങ്ങളെത്തുടര്‍ന്ന് ഉല്‍പാദനത്തില്‍ വീണ്ടെടുക്കല്‍ ഉണ്ടായിട്ടുണ്ടെന്നും ഫിച്ച് അറിയിച്ചു. കൂടാതെ, നിര്‍മ്മാണത്തിലും കാര്‍ഷിക ഉല്‍പാദനത്തിലും ഉത്തേജനം പ്രകടമാണ്.
ആഭ്യന്തര ആവശ്യകതയും വ്യാപാരത്തിലുള്ള ഉണര്‍വുമാണ് വളര്‍ച്ചയെ നയിക്കുന്നത്.