ന്യൂഡൽഹി: കര്‍ഷകര്‍ക്ക് അഞ്ച് വിളകള്‍ക്ക് അഞ്ച് വര്‍ഷം മിനിമം താങ്ങുവില നല്‍കാമെന്നു കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം. പ്രതിഷേധിക്കുന്ന കര്‍ഷകരുമായി നടത്തിയ ചര്‍ച്ചയിലാണു തര്‍ക്കം പരിഹരിക്കുന്നതിനായി നിര്‍ദേശം മുന്നോട്ടുവച്ചത്.
പയര്‍, ഉഴുന്ന്, തുവര, ചോളം, പരുത്തി എന്നിവ പരിധിയില്ലാതെ മിനിമം താങ്ങുവില നല്‍കി അടുത്ത അഞ്ച് വര്‍ഷം വാങ്ങാമെന്ന വാഗ്ദാനമാണു കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചതെന്നു മൂന്ന് കേന്ദ്രമന്ത്രിമാരുമായി കഴിഞ്ഞദിവസം രാത്രി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം സമരത്തിന് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് അഭിമന്യു കൊഹര്‍ അവകാശപ്പെട്ടു.
നാഫെഡ്, എന്‍സിസിഎഫ് തുടങ്ങിയ സഹകരണ സംഘങ്ങള്‍ വഴിയാകും വിളകള്‍ കര്‍ഷകരില്‍ നിന്ന് വാങ്ങുക.
പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് മാത്രമാണോ പര്‍ച്ചേസ് നടത്തുക അതോ രാജ്യത്തെ മൊത്തം മുഴുവന്‍ കര്‍ഷകരില്‍ നിന്ന് പര്‍ച്ചേസ് നടത്തുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്.
പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള കര്‍ഷകര്‍ മാത്രമാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്.
കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ മന്ത്രി അര്‍ജുന്‍ മുണ്ട, കേന്ദ്ര വ്യവസായ-വാണിജ്യ മന്ത്രി പിയുഷ് ഗോയല്‍, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവരാണു കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തിയത്.