
മുംബൈ: ആദായ നികുതി റിട്ടേണ് ഫയല് ചെയ്യാന് ഏതാനും ദിവസം മാത്രം അവശേഷിക്കെ അഞ്ച് കോടി പേര് ഐടിആര് ഫയല് ചെയ്തു. ഇതില് പകുതിയിലേറെ പേര് വെരിഫിക്കേഷന് പൂര്ത്തിയാക്കിയതായും ആദായ നികുതി റിട്ടേണ് പോര്ട്ടലിലെ കണക്കുകള് വ്യക്തമാക്കുന്നു.
റിട്ടേണ് നല്കുന്നതിനുള്ള തിയതി നീട്ടിനല്കില്ലെന്ന് വ്യക്തമായതോടെ ഈ ദിവസങ്ങളില് റെക്കോഡ് നിരക്കിലാണ് ഐടിആര് ഫയലിങ് നടക്കുന്നത്. അടിസ്ഥാന പരിധിക്ക് മുകളിലാണ് വരുമാനമെങ്കില് ആദായ നികുതി റിട്ടേണ് നല്കണമെന്നാണ് വ്യവസ്ഥ.
എങ്കില്പോലും നികുതി ബാധ്യതയുള്ളവരില് വളരെ കുറച്ചുപേര് മാത്രമാണ് റിട്ടേണ് ഫയല് ചെയ്യുന്നതെന്ന് കണക്കുകള് സൂചിപ്പിക്കുന്നു.
രാജ്യത്തെ 140 കോടി ജനങ്ങളില് അഞ്ചു കോടിയെന്നത് വളരെ കുറഞ്ഞ നിരക്കാണ്. ഫയല് ചെയ്യുന്നവരില് തന്നെ എല്ലാവരും നികുതി അടയ്ക്കുന്നവരുമാവില്ല.
കുട്ടികളും പ്രായമായവരും താഴ്ന്ന വരുമാനക്കാരും ഉള്പ്പടെ 75 ശതമാനം പേരെ മാറ്റിനിര്ത്തിയാല് പോലും 35 കോടി പേരെങ്കിലും നികുതി ബാധ്യതയുള്ളവരാകുമെന്നാണ് വിലയിരുത്തൽ.
പാര്ലമെന്റില് അവതരിപ്പിച്ച കണക്കുകള് പ്രകാരം 5.3 ശതമാനം പേര് മാത്രമെ റിട്ടേണ് ഫയല് ചെയ്യുന്നുള്ളൂ. ഐടിആര് ഫയല് ചെയ്യുന്നവരുടെ എണ്ണത്തില് മഹാരാഷ്ട്രയും ഗുജറാത്തുമാണ് മുന്നില്.
മുന് സാമ്പത്തിക വര്ഷത്തെ കണക്കുകള് പ്രകാരം മഹാരാഷ്ട്രയില് നിന്ന് 1.14 കോടി റിട്ടേണുകളാണ് സമര്പ്പിച്ചത്. ഗുജറാത്തില് നിന്ന് 74 ലക്ഷം റിട്ടേണുകളും. യുപിക്കാണ് മൂന്നാം സ്ഥാനം. 71.66 പേര്.
കേരളത്തില് നിന്നുള്ളവരില് 19.73 ലക്ഷം പേരും റിട്ടേണ് നല്കിയതായി കണക്കുകള് സൂചിപ്പിക്കുന്നു.