ഈയാഴ്‌ച രണ്ട് എസ്‌എംഇ ഐപിഒകള്‍ ഉള്‍പ്പെടെ മൂന്ന് പബ്ലിക് ഇഷ്യുകള്‍ വിപണിയിലെത്തും. ഇതിന് പുറമെ ഏതാനും കമ്പനികളുടെ ലിസ്റ്റിംഗും ഈയാഴ്‌ച നടക്കും. ഈ വര്‍ഷം തുടര്‍ന്നും ഐപിഒകളുടെ പ്രവാഹം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
28 കമ്പനികളുടെ ഐപിഒയ്‌ക്ക് സെബിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഈ കമ്പനികള്‍ മൊത്തം 46,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് പുറമെ ഐപിഒ അപേക്ഷ നല്‍കിയ 80 കമ്പനികള്‍ സെബിയുടെ അനുമതിക്കായി കാത്തിരിക്കുന്നു.
ലക്ഷ്‌മി ദന്തല്‍ ആണ് ഈയാഴ്‌ച വിപണിയിലെത്തുന്ന ഏക മെയിന്‍ ബോര്‍ഡ് ഐപിഒ. ഇതിന് പുറമെ കാബ്ര ജുവല്‍സ്, ഇഎംഎ പാര്‍ട്‌ണേഴ്‌സ്, ലാന്റ് ഇമിഗ്രേഷന്‍, റികാവ് സെക്യൂരിറ്റീസ് എന്നീ എസ്‌എംഇ കമ്പനികളുടെ ഐപിഒകളും വിപണിയിലെത്തും.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലക്ഷ്‌മി ഡെന്റല്‍ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഇന്ന് തുടങ്ങി. 698 കോടി രൂപയാണ് ഐപിഒ വഴി കമ്പനി സമാഹരിക്കുന്നത്. ജനുവരി 15 വരെ ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാം.
407-428 രൂപയാണ് ഇഷ്യു വില. 33 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ജനുവരി 16ന് ഓഹരികളുടെ അലോട്ട്‌മെന്റ് നടക്കും. ജനുവരി 20ന് ലക്ഷ്‌മി ഡെന്റലിന്റെ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും.
138 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 560 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്) ഉള്‍പ്പെട്ടതാണ് ഐപിഒ. ഒഎഫ്‌എസ് വഴി നിലവിലുള്ള ഓഹരികളാണ് വിറ്റഴിക്കുന്നത്.