മുംബൈ: പ്രാരംഭ പബ്ലിക് ഓഫറിങ്ങിന് (ഐപിഒ) മുന്നോടിയായി ആങ്കർ നിക്ഷേപകരിൽ നിന്ന് 588 കോടി രൂപ സമാഹരിച്ചതായി ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഫൈവ് സ്റ്റാർ ബിസിനസ് ഫിനാൻസ് ലിമിറ്റഡ് അറിയിച്ചു.
ഇതിന്റെ ഭാഗമായി 1.24 കോടി ഇക്വിറ്റി ഓഹരികൾ ആങ്കർ നിക്ഷേപകർക്ക് 474 രൂപ നിരക്കിൽ അനുവദിച്ചതായി കമ്പനി ബിഎസ്‌ഇ ഫയലിംഗിൽ അറിയിച്ചു. സ്‌മോൾക്യാപ് വേൾഡ് ഫണ്ട്, ഫിഡിലിറ്റി ഇൻവെസ്റ്റ്‌മെന്റ്, ക്യാപിറ്റൽ റിസർച്ച്, മലബാർ ഇൻവെസ്റ്റ്‌മെന്റ്, ഗവൺമെന്റ് പെൻഷൻ ഫണ്ട് ഗ്ലോബൽ, അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, നോർജസ് ബാങ്ക്, വൈറ്റ് ഓക്ക്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എച്ച്‌ഡിഎഫ്‌സി മ്യൂച്വൽ ഫണ്ട് തുടങ്ങിയ സ്ഥാപനങ്ങളാണ് കമ്പനിയിൽ നിക്ഷേപം നടത്തിയത്.
സൂക്ഷ്മ-സംരംഭകർക്കും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കും സുരക്ഷിതമായ ബിസിനസ് ലോണുകൾ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് ഫൈവ് സ്റ്റാർ ബിസിനസ് ഫിനാൻസ്. 5,100 കോടി രൂപയുടെ അസറ്റ് അണ്ടർ മാനേജ്‌മെന്റ് (എയുഎം) ഉള്ള ചെന്നൈ ആസ്ഥാനമായുള്ള എൻബിഎഫ്‌സിക്ക് ടിപിജി, മാട്രിക്‌സ് പാർട്‌ണേഴ്‌സ്, നോർവെസ്റ്റ് വെഞ്ചേഴ്‌സ്, സെക്വോയ, കെകെആർ തുടങ്ങിയ ആഗോള നിക്ഷേപകരുടെ പിന്തുണയുണ്ട്.