
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കോമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്പ്‌കാര്‍ട് അടുത്ത 12-15 മാസങ്ങള്‍ക്കുള്ളില്‍ പബ്ലിക് ഇഷ്യു നടത്താന്‍ ഒരുങ്ങുന്നു.
ഇത് ഒരു ന്യൂ ഏജ് ടെക് കമ്പനി നടത്തുന്ന ഏറ്റവും വലിയ ഐപിഒ ആയിരിക്കും. ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ട്-അപ് മേഖലയാണ് ഇന്ത്യയിലേത്. ഫ്‌ളിപ്‌കാര്‍ട്ടിന്റെ ഐപിഒ ഈ മേഖലയ്‌ക്ക് നവോന്മേഷം പകരുമെന്നാണ് കരുതുന്നത്.
വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്‌കാര്‍ട്ടിന് ഐപിഒയ്‌ക്കുള്ള അനുമതി മാനേജ്‌മെന്റ് തലത്തില്‍ നിന്ന് ലഭിച്ചുവെന്നാണ് അറിയുന്നത്. 2025ലോ 2026 ആദ്യ ത്രൈമാസത്തിലോ ഐപിഒ നടത്താനാണ് കമ്പനിയുടെ പദ്ധതി.
സൊമാറ്റോ, സ്വിഗ്ഗി, നൈക തുടങ്ങിയ സ്റ്റാര്‍ട്ട്-അപുകളുടെ ഐപിഒകള്‍ വന്‍വിജയമായതിനു പിന്നാലെയാണ് ഈ രംഗത്തെ ഏറ്റവും വലിയ ഇന്ത്യന്‍ കമ്പനി പബ്ലിക് ഇഷ്യുവിന് ഒരുങ്ങുന്നത്.
2021 മുതല്‍ ഫ്‌ളിപ്‌കാര്‍ട്ട് പബ്ലിക് ഇഷ്യുവിനെ കുറിച്ചുള്ള ആലോചനയിലാണ്. 2022-23ലെ പ്രതികൂലമായ വിപണി കാലാവസ്ഥയാണ് ഐപിഒ നടത്തുന്നത് നീട്ടികൊണ്ടുപോകാന്‍ കാരണമായത്.
ഈ വര്‍ഷം 100 കോടി ഡോളറാണ് ഫ്‌ളിപ്‌കാര്‍ട്ട് സമാഹരിച്ചത്. ഗൂഗ്‌ളിന്റെ 350 ദശലക്ഷം ഡോളര്‍ നിക്ഷേപവും ഇതില്‍ ഉള്‍പ്പെടുന്നു. 2023-24ല്‍ ഫ്‌ളിപ്‌കാര്‍ട്ട് ഇന്റര്‍നെറ്റ് 21 ശതമാനം വളര്‍ച്ചയോടെ 17,907.3 കോടി രൂപ വരുമാനമാണ് കൈവരിച്ചത്.
അതേ സമയം 2358 കോടി രൂപ നഷ്‌ടമാണ് കമ്പനി നേരിട്ടത്. നഷ്‌ടം 41 ശതമാനം കുറച്ചുകൊണ്ടുവരാന്‍ കമ്പനിക്ക് കഴിഞ്ഞു.