മുംബൈ: ഇന്ത്യയില്‍ ഫ്‌ളിപ്കാര്‍ട്ടും ഫോണ്‍പേയും 100 ബില്യന്‍ ഡോളറിന്റെ ബിസിനസ് കൈവരിക്കുന്ന കമ്പനികളായി മാറുമെന്ന് വാള്‍മാര്‍ട്ട് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഒ) ജോണ്‍ ഡേവിഡ് റെയ്‌നി പറഞ്ഞു.
മള്‍ട്ടിനാഷണല്‍ റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ടിന്റെ ഇന്ത്യയിലെ ഉപസ്ഥാപനങ്ങളാണു ഫ്‌ളിപ്കാര്‍ട്ടും ഫോണ്‍പേയും.
ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസാണ് ഫ്‌ളിപ്കാര്‍ട്ട്. ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമാണ് ഫോണ്‍പേ. ഇന്ത്യയിലെ 140 കോടി ജനങ്ങളാണ് തങ്ങള്‍ക്ക് വലിയ ബിസിനസ് സാധ്യതകള്‍ തുറന്നുതരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു നിക്ഷേപക സമ്മേളനത്തിലാണ് റെയ്‌നി ഇക്കാര്യം പറഞ്ഞത്.
അഞ്ച് വര്‍ഷത്തിനുള്ളില്‍ വിദേശ വിപണികളിലെ മൊത്തം കച്ചവടസാധനങ്ങളുടെ അളവ് 200 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കുകയെന്നതാണു വാള്‍മാര്‍ട്ടിന്റെ ലക്ഷ്യം.
ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളാണു ഫ്‌ളിപ്പ്കാര്‍ട്ടും ഫോണ്‍പേയും. ഈ രണ്ട് സ്ഥാപനങ്ങളുടെയും പ്രകടനം നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, 2022 ഡിസംബര്‍ വരെ, പേയ്മെന്റ് വിപണിയുടെ 46 ശതമാനം വിഹിതമാണു ഫോണ്‍ പേ സ്വന്തമാക്കിയത്.
400 ദശലക്ഷം രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കളുടെ ശക്തമായ അടിത്തറയുണ്ട് ഫോണ്‍പേയ്ക്ക്. ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ പേയ്മെന്റ് സ്റ്റാര്‍ട്ടപ്പ് എന്ന നിലയില്‍ അതിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനായി, വാള്‍മാര്‍ട്ട് ഈ വര്‍ഷം മാര്‍ച്ചില്‍ ഫോണ്‍പേയിലേക്ക് 200 മില്യണ്‍ ഡോളറാണു നിക്ഷേപിച്ചത്. അതോടെ ഫോണ്‍ ഫോണ്‍പേയുടെ മൂല്യം 12 ബില്യണ്‍ ഡോളറാവുകയും ചെയ്തു.
ഏപ്രില്‍ 30ന് അവസാനിച്ച ഏറ്റവും പുതിയ പാദത്തില്‍, ഫ്‌ളിപ്പ്കാര്‍ട്ട് ബിസിനസ് ഇരട്ട അക്ക വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തിയതായി വാള്‍മാര്‍ട്ട് അറിയിച്ചിരുന്നു. 2022ല്‍ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ മൂല്യം 40 ബില്യണ്‍ ഡോളറിലധികമുള്ളതായിട്ടാണ് വിലയിരുത്തപ്പെട്ടത്.
ഇന്ത്യയിലെ തന്നെ ഏറ്റവും മൂല്യവത്തായ സ്റ്റാര്‍ട്ടപ്പുകളുടെ പട്ടികയിലാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ സ്ഥാനം.