ന്യൂഡല്‍ഹി: ഇന്ത്യ നിയന്ത്രിത സാമ്പത്തിക വിപണിയായി തുടരുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ഉറപ്പ്. ചില ചാഞ്ചാട്ടങ്ങളുണ്ടെങ്കിലും അത് വിപണിയുടെ പൊതു സ്വഭാവമായി കാണേണ്ടതില്ല. മികച്ച രീതിയില്‍ നിയന്ത്രിക്കപ്പെടുന്നവയാണ് ഇന്ത്യന്‍ വിപണികളെന്ന് ആഗോള നിക്ഷേപകരോടായി അവര്‍ പറഞ്ഞു.
അദാനി ഗ്രൂപ്പ് പ്രതിസന്ധിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് ധനമന്ത്രി ഇങ്ങിനെ പ്രതികരിച്ചത്. “ഞങ്ങളുടെ (മാര്‍ക്കറ്റ്) റെഗുലേറ്റര്‍മാര്‍ വളരെ കര്‍ക്കശക്കാരാണ്.അതിനാല്‍, ആഗോളതലത്തില്‍ എത്ര ചര്‍ച്ച ചെയ്യപ്പെട്ടാലും, പുതിയ സംഭവവികാസങ്ങള്‍ ദുര്‍ബലമായ വിപണിയുടെ സൂചനല്ല”.
യുഎസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ച്ച നേരിട്ടിരുന്നു. ആഗോള നിക്ഷേപകര്‍ പണം പിന്‍വലിക്കാനും നിക്ഷേപം നിര്‍ത്തിവയ്ക്കാനും തയ്യാറായി. എന്നാല്‍ റെഗുലേറ്റര്‍മാര്‍ വിപണികളെ ശരിയായ അവസ്ഥയില്‍ നിലനിര്‍ത്തിയിട്ടുണ്ടെന്ന് ധനമന്ത്രി പറയുന്നു.