തിരുവനന്തപുരം: ഭക്ഷ്യസംസ്കരണ ചെറുയൂണിറ്റുകളില് കേന്ദ്രം നല്കിയ ലക്ഷ്യം മറികടന്ന് കേരളം. ഒരു സാമ്പത്തിക വര്ഷത്തിനുള്ളില് 2500 യൂണിറ്റുകള് തുടങ്ങാനായിരുന്നു ലക്ഷ്യം. 2548 സംരംഭങ്ങളാണ് സംസ്ഥാനത്ത് തുടങ്ങിയത്. കേരളമടക്കം മൂന്നു സംസ്ഥാനങ്ങളാണ് ലക്ഷ്യം പൂര്ത്തിയാക്കിയത്.
ഗ്രാമീണ ഉപജീവനദൗത്യത്തിന്റെ ഭാഗമായി സ്വാശ്രയകൂട്ടായ്മകളുടെ സൂക്ഷ്മസംരംഭങ്ങളിലും കേരളം ലക്ഷ്യം മറികടന്നു. 3000 യൂണിറ്റുകളായിരുന്നു ലക്ഷ്യം. 3087 യൂണിറ്റുകള് ഗ്രാമീണമേഖലയിലും 39 നഗര ഉപജീവനദൗത്യത്തിനു കീഴിലും പൂര്ത്തിയാക്കി.
സൂക്ഷ്മ ഭക്ഷ്യസംസ്കരണസംരംഭങ്ങള് പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രപദ്ധതിയാണ് പി.എം.എഫ്.എം.ഇ. പത്തുലക്ഷം രൂപവരെ മൂലധന സബ്സിഡി ലഭിക്കും.
2023-2024 സാമ്പത്തികവര്ഷത്തില് 2548 വായ്പകളാണ് വ്യക്തിഗത സംരംഭങ്ങള്ക്കായി വ്യവസായവകുപ്പിനു കീഴിലുള്ള കേരള ഇന്ഡസ്ട്രിയില് പ്രമോഷന് ബ്യൂറോ അനുവദിച്ചത്. 29 വായ്പകള് ഗ്രൂപ്പ് സംരംഭങ്ങള്ക്കും നല്കി.
ഇതോടെ, രാജ്യത്ത് സൂക്ഷ്മ ഭക്ഷ്യസംസ്കരണ യൂണിറ്റുകളുടെ റാങ്കിങ്ങില് മൂന്നാംസ്ഥാനത്ത് കേരളമെത്തി. 52 കോടിരൂപ കേന്ദ്ര സബ്സിഡി ലഭിച്ചു. 13 കോടി സംസ്ഥാനവും അനുവദിച്ചിട്ടുണ്ട്.
ഗ്രാമീണ ഉപജീവനദൗത്യത്തിന്റെ ഭാഗമായി സ്വാശ്രയകൂട്ടായ്മകള്ക്ക് ഭക്ഷ്യസംസ്കരണ യൂണിറ്റുകള് തുടങ്ങാനും പി.എം.എഫ്.എം.ഇ. പദ്ധതിക്കു കീഴില് സ്കീം തയ്യാറാക്കിയിരുന്നു.
കുടുംബശ്രീ യൂണിറ്റുകളിലൂടെയാണ് കേരളം ഇത് നടപ്പാക്കിയത്. 3515 കൂട്ടായ്മകള്ക്കാണ് സഹായം ലഭിച്ചത്.
ഒരു കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങള്ക്ക് 40,000 രൂപ വരെയാണ് സഹായം.