മുംബൈ: ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്സിഐ) യുടെ കൈവശമുള്ള അരിയുടെയും ഗോതമ്പിന്റെയും ശേഖരം ആറുവര്‍ഷത്തിനുശേഷം ഏറ്റവും താഴ്ന്ന നിലയില്‍. എന്നിരുന്നാലും, 2023 ഖാരിഫ് സീസണില്‍ 521 ലക്ഷം മെട്രിക് ടണ്‍ അരി സംഭരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സ്‌റ്റോക്കുകളുടെ കുറവ് പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ ആശങ്കാജനകമാണ്. എങ്കിലും ഭക്ഷ്യസുരക്ഷയുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോള്‍ ഗുരുതമല്ലെന്ന് വിദഗ്ധര്‍ പറയുന്നു.
ഓഗസ്റ്റ് 22 ന് എഫ്സിഐയുടെ മൊത്തം ഭക്ഷ്യധാന്യ സ്റ്റോക്ക് 523.35 ലക്ഷം മെട്രിക് ടണ്ണായിരുന്നു. അതില്‍ 242.96 ലക്ഷം മെട്രിക് ടണ്‍ അരിയും 280.39 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പുമാണ്.
സ്റ്റോക്കുകള്‍ ആവശ്യമായ മാനദണ്ഡങ്ങളേക്കാള്‍ കൂടുതലാണ്. എങ്കിലും ഈ വര്‍ഷം ഉല്‍പ്പാദനത്തില്‍ ഉണ്ടായ തിരിച്ചടികൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഇത് വിലയില്‍ സമ്മര്‍ദ്ദം നിലനിര്‍ത്താന്‍ പര്യാപ്തമാണ്. ആഭ്യന്തര വിതരണം വര്‍ധിപ്പിച്ച് വില പിടിച്ചു നിര്‍ത്താനാണ് സര്‍ക്കാര്‍ശ്രമം.
വിപണിയിലെ സമ്മര്‍ദ്ദവും സര്‍ക്കാരിന്റെ ഇടപെടലുകളും വിലയെ ഒരു പരിധിവരെ ബാധിക്കുമെന്ന് ക്രിസില്‍ പ്രിന്‍സിപ്പല്‍ ഇക്കണോമിസ്റ്റ് ദീപ്തി ദേശ്പാണ്ഡെ പറഞ്ഞു. ഇന്ത്യ ആവശ്യമായ മാനദണ്ഡങ്ങളേക്കാള്‍ കൂടുതല്‍ സംഭരിച്ചിട്ടുണ്ടെന്നും അതിനാല്‍ വിപണി നിലവാരം ആശങ്കാജനകമല്ലെന്നും ദീപ്തി പറയുന്നു.
ഈ ഖാരിഫ് സീസണില്‍ നെല്ല് കൂടുതല്‍ സ്ഥലത്ത് കൃഷി ചെയ്യുന്നതിനാല്‍ രാജ്യം അരിയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടകാര്യമില്ലെന്ന് ബാര്‍ക്ലേസിലെ ഇഎം ഏഷ്യ ഇക്കണോമിക്സ് എംഡിയും മേധാവിയുമായ രാഹുല്‍ ബജോറിയ പറഞ്ഞു. എന്നാല്‍ ഗോതമ്പ് അല്‍പ്പം ആശങ്കപ്പെടേണ്ടതുണ്ട്. ഒക്ടോബറില്‍ ആരംഭിക്കുന്ന റാബി സീസണിലാണ് ഗോതമ്പ് വിതയ്ക്കുന്നത്.
മൊത്തവില നിയന്ത്രണത്തില്‍ നിര്‍ണായകമായ മിനിമം സപ്പോര്‍ട്ട് പ്രൈസ് (എംഎസ്പി) പ്രോഗ്രാമിന് കീഴിലുള്ള കേന്ദ്രത്തിന്റെ സംഭരണ ലക്ഷ്യം 34 ദശലക്ഷം ടണ്ണാണ്. എന്നാല്‍ ഈ സ്ഥാനത്ത് 26.14 ദശലക്ഷം ടണ്‍ മാത്രമാണ് എഫ്‌സിഐയുടെ പക്കല്‍ ഉള്ളത്.
ഇക്കാരണത്താലാണ് റഷ്യയില്‍ നിന്നും മറ്റും അടിയന്തിരമായി ഗോതമ്പ് ഇറക്കുമതിക്കുള്ള നീക്കങ്ങള്‍ നടക്കുന്നത്. 2008 ന് ശേഷം ആദ്യമായി ഭക്ഷ്യ മന്ത്രാലയത്തിന് ധാന്യങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തേണ്ടി വന്നു എന്നത് ആശങ്കാകുലമായ കാര്യമാണ്.
ഇപ്പോള്‍ ഏതാണ്ട് എല്ലാവിധ അരിയുടെയും കയറ്റുമതി ഇന്ത്യ നിരോധിച്ചു. പ്രാദേശിക ലഭ്യത ഉറപ്പു വരുത്തുന്നതിനും വിലക്കയറ്റം ഒഴിവാക്കുന്നതിനുമായുള്ള നടപടിയാണിതെന്ന് അധികൃതര്‍ പറയുന്നു.
കൃഷിമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നെല്‍കൃഷി 312.80 ലക്ഷം ഹെക്ടറില്‍ നിന്ന് 328.22 ലക്ഷം ഹെക്ടറായി ഉയര്‍ന്നു. ഒക്ടോബര്‍ മുതല്‍ പുതിയ വിളവെടുപ്പ് പ്രതീക്ഷിക്കുന്നു.