
പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (BSNL) 17 വർഷത്തിനുശേഷം ആദ്യമായി ലാഭമധുരം.
നടപ്പു സാമ്പത്തിക വർഷത്തെ (2024-25) മൂന്നാപാദമായ ഒക്ടോബർ-ഡിസംബറിൽ 262 കോടി രൂപയുടെ ലാഭമാണ് നേടിയതെന്ന് കമ്പനി വ്യക്തമാക്കി. 2007നുശേഷം ആദ്യമായാണ് ബിഎസ്എൻഎൽ ലാഭം നേടുന്നത്. 2023-24ലെ ഡിസംബർ പാദത്തിൽ കമ്പനി കുറിച്ചത് 1,569.22 കോടി രൂപയുടെ നഷ്ടമായിരുന്നു.
1,800 കോടിയിൽപരം രൂപയുടെ നഷ്ടം നികത്തിക്കൊണ്ടാണ് കഴിഞ്ഞപാദത്തിൽ ബിഎസ്എൻഎൽ ലാഭത്തിലേറിയത്. കമ്പനിയുടെ മൊബിലിറ്റി സേവന വരുമാനം 15 ശതമാനവും ഫൈബർ ടു ദ് ഹോം (FTTH) സേവന വരുമാനം 18 ശതമാനവും മറ്റ് ടെലികോം കമ്പനികളിൽ നിന്നുള്ള ലീസ്ഡ് ലൈൻ വരുമാനം 14 ശതമാനവും ഉയർന്നത് നേട്ടമായി.
നൂതനവും ഉപഭോക്തൃ സൗഹൃദവുമായ പദ്ധതികളും ദ്രുതഗതിയിലെ നെറ്റ്‌വർക്ക് വ്യാപനവുമാണ് ലാഭത്തിന് വഴിയൊരുക്കിയതെന്ന് ബിഎസ്എൻഎൽ ചെയർമാനും മാനജിങ് ഡയറക്ടറുമായ എ. റോബർട്ട് ജെ. രവി പറഞ്ഞു. നടപ്പുവർഷം ആകെ 20% വരുമാന വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞപാദത്തിൽ 4ജി സേവന വ്യാപനം, ഒപ്റ്റിക് ഫൈബർ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തൽ എന്നിവയ്ക്കായിരുന്നു കമ്പനിയുടെ ഊന്നൽ. സാമ്പത്തികച്ചെലവുകൾ നിയന്ത്രിച്ചതും ഗുണം ചെയ്തു.
5ജി സേവനം അവതരിപ്പിക്കാനുള്ള ദൗത്യമാണ് ഇപ്പോഴുള്ളത്. ബിഎസ്എൻഎല്ലും വോഡഫോൺ ഐഡിയയും മാത്രമാണ് ഇനിയും 5ജി സേവനത്തിന് ഔദ്യോഗികമായി തുടക്കമിടാത്ത കമ്പനികൾ.
നിലവിൽ ടിസിഎസിന്റെ സഹകരണത്തോടെ ഒരുലക്ഷം 4ജി സൈറ്റുകൾ സ്ഥാപിക്കുകയാണ് ബിഎസ്എൻഎൽ. ഇതോടൊപ്പം തന്നെ 5ജിയും അവതരിപ്പിക്കാനാണ് ശ്രമം.
ബിഎസ്എൻഎല്ലിനും എംടിഎൻഎല്ലിനും നഷ്ടം നികത്തി, പ്രവർത്തനം മെച്ചപ്പെടുത്താനുള്ള പുനരുദ്ധാരണ പാക്കേജായി 2019ൽ കേന്ദ്രം 3.22 ലക്ഷം കോടി രൂപ അനുവദിച്ചിരുന്നു.
ഇതു ഗുണം ചെയ്തതോടെ 2020-21 മുതൽ ഇരു സ്ഥാപനങ്ങളും പ്രവർത്തനലാഭവും നേടുന്നുണ്ട്. 4ജി സേവനം വിപുലീകരിക്കാനായി ബിഎസ്എൻഎല്ലിന് 6,000 കോടി രൂപ നൽകാൻ കേന്ദ്രം തീരുമാനിച്ചെന്ന് അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു.