ഫോഡിന്റെ ഫിഗോ, ഫിയസ്റ്റ, ഇക്കോ സ്പോർട്ട്.. ഇന്ത്യക്കാർക്ക് പ്രത്യേക താൽപ്പര്യമുള്ള വാഹനങ്ങളായിരുന്നു ഇവയെല്ലാം. ഇന്ത്യൻ വാഹന വിപണിയിൽ കരുത്തിന്റെയും കാര്യക്ഷമതയുടെയും പര്യായമായി മാറിയ ഫോഡ് മോഡലുകൾ.
മൂന്നു വർഷം മുമ്പ് ഫോഡ് ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് ‘സഡൻ ബ്രേക്കിട്ട്’ അവസാനിപ്പിച്ച് മടങ്ങുകയാണെന്നറിഞ്ഞപ്പോൾ വാഹന പ്രേമികൾക്കൊക്കെ അതൊരു നഷ്ടമായിരുന്നു. എന്നാലിപ്പോൾ കഥ മാറുകയാണ്.
ഏറെ നാളുകളായി ഫോഡിന്റെ തിരിച്ചു വരവിനെക്കുറിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും വാർത്ത സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ അവസാനം ആഗോള ഓട്ടോമൊബൈല്‍ കമ്പനിയായ ഫോഡ് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു.
ചെന്നൈ മറൈമലൈ നഗറിലെ 350 ഏക്കർ വിസ്തൃതിയുള്ള പ്ലാന്റ് വീണ്ടും ഉപയോഗിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാരിന് അപേക്ഷ നൽകിയിരിക്കുകയാണ് കമ്പനി.
കയറ്റുമതിക്കുള്ള വാഹനങ്ങൾ നിർമിക്കാനാണ് പദ്ധതി.
നിക്ഷേപ സമാഹരണത്തിന് യുഎസിലെത്തിയ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കമ്പനിയെ സംസ്ഥാനത്തേക്കു വീണ്ടും ക്ഷണിച്ചിരുന്നു. കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തിയായിരിക്കും നിർമാണം പുനരാരംഭിക്കുക. 830 കോടി രൂപയ്ക്കു ചെന്നൈ പ്ലാന്റ് വിൽക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് കരാർ റദ്ദാക്കുകയായിരുന്നു.
ലാഭകരമല്ലാത്ത വിപണിയാണ് ഇന്ത്യയെന്ന തിരിച്ചറിവിലായിരുന്നു അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ഫോഡ് ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തി മൂന്ന് വർഷം മുമ്പ് തിരിച്ചുപോയത്. 2,600 ജീവനക്കാർക്കു നഷ്ടപരിഹാരം നൽകുന്നതിലുള്ള തർക്കം ഇനിയും തീർന്നിട്ടുമില്ല.
എന്നാൽ ഇന്ത്യയില്‍ ഹൈബ്രിഡ്, ഇലക്ട്രിക് വാഹന വിപണിയിലെ വന്‍സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് ഇപ്പോൾ ഫോഡിന്റെ മടങ്ങിവരവെന്ന് റിപ്പോർട്ടുകളുണ്ട്.
മാരുതിയുടെയും ടൊയോട്ടയുടെയും ഹൈബ്രിഡ് മോഡലുകള്‍ക്കും ടാറ്റയുടെ ഇലക്ട്രിക് മോഡലുകള്‍ക്കുമെല്ലാം ലഭിക്കുന്ന മികച്ച പ്രതികരണം ഫോഡിനെ മടങ്ങിവരവിന് പ്രേരിപ്പിച്ചു.
ആഗോളതലത്തില്‍ എസ് യു വി ഹൈബ്രിഡ്, ഇ വി മോഡലുകളിലാണ് ഫോഡ് ഊന്നൽ കൊടുക്കുന്നത്. ഇത് ഇന്ത്യയിലും ആവര്‍ത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
ഇന്ത്യയില്‍ ഫോഡിന്റെ പ്രിയപ്പെട്ട മോഡലായിരുന്ന ഇക്കോസ്‌പോര്‍ട്ട് വിപണിയിലിറക്കുമെന്ന് വാഹനപ്രേമികൾ പ്രതീക്ഷിക്കുന്നുണ്ട്.