കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ (മുത്തൂറ്റ് ബ്ലൂ) മൈക്രോഫിനാൻസ് വിഭാഗമായ ‘മുത്തൂറ്റ് മൈക്രോഫിന്നി’ൽ യുകെ ആസ്ഥാനമായ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഗ്രേറ്റർ പസഫിക് ക്യാപിറ്റൽ (ജിപിസി) 81 കോടി രൂപയുടെ (ഒരു കോടി ഡോളർ) അധിക ഓഹരി നിക്ഷേപം നടത്തി.
ജിപിസി നടത്തിയ 375 കോടി രൂപയുടെ മുൻ നിക്ഷേപത്തിനു പുറമെയാണിത്. ഈ നിക്ഷേപത്തോടെ കമ്പനിയിൽ ജിപിസിയുടെ ഓഹരിപങ്കാളിത്തം 16.7% ആയി.
കോവിഡിന് ശേഷം രാജ്യത്ത് ഒരു മൈക്രോഫിനാൻസ് കമ്പനി നടത്തുന്ന ഏറ്റവും വലിയ മൂലധന സമാഹരണമാണിതെന്ന് മാനേജ്മെന്റ് അറിയിച്ചു.
മുത്തൂറ്റ് മൈക്രോഫിനിലെ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപത്തിന്റെ രണ്ടാം ഘട്ടവുമാണിതെന്ന് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു. ഏതാനും വർഷം മുൻപ്, ഷിക്കാഗോ ആസ്ഥാനമായ ക്രിയേഷൻ ഇൻവെസ്റ്റ്‌മെന്റ് എന്ന പ്രൈവറ്റ് ഇക്വിറ്റി ഫണ്ടിൽനിന്ന് 157 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചിരുന്നു. 9.8% ഓഹരിയുമായി ക്രിയേഷൻ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയിൽ തുടരും.
മൂലധന സമാഹരണം പൂർണമായും ഓഹരികളുടെ പ്രാഥമിക ഇഷ്യൂ വഴിയുള്ളതാണെന്നും തുക കമ്പനിയുടെ പുതിയ വളർച്ചാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിനിയോഗിക്കുമെന്നും മുത്തൂറ്റ് മൈക്രോഫിൻ സിഇഒ സദാഫ് സയീദ് പറഞ്ഞു.
കമ്പനിയുടെ മൂലധന പര്യാപ്തത 28% ആയി ഉയരും. മുത്തൂറ്റ് മൈക്രോഫിൻ ബിസിനസ് അടുത്ത 2-3 വർഷത്തിനുള്ളിൽ 10,000 കോടി രൂപയായി വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു. 2 വർഷത്തിനുള്ളിൽ 500 പുതിയ ശാഖകൾ കൂടി തുറക്കും. 2 സംസ്ഥാനങ്ങളിലേക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കും.
വിദൂര, ഗ്രാമീണ മേഖലകളിലെ ഉപയോക്താക്കൾക്ക് വേഗത്തിലും എളുപ്പത്തിലും പണം ലഭ്യമാക്കാൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ തങ്ങൾക്കാകുമെന്ന് മുത്തൂറ്റ് മൈക്രോഫിൻ മാനേജിങ് ഡയറക്ടർ തോമസ് മുത്തൂറ്റ് പറഞ്ഞു.