മുംബൈ: രൂപയെ സംരക്ഷിക്കാൻ ഡോളർ വിറ്റഴിച്ചത് വിനയായി. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാൻ റിസർവ് ബാങ്ക് തുടർച്ചയായി വിപണിയില്‍ ഇടപെട്ടതോടെ ഇന്ത്യയുടെ വിദേശ നാണയ ശേഖരം എട്ടുമാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ തലത്തിലെത്തി. ഡിസംബർ 27ന് അവസാനിച്ച വാരത്തില്‍ വിദേശ നാണയ ശേഖരം 411.2 കോടി ഡോളർ കുറഞ്ഞ് 64,027.9 കോടി ഡോളറിലെത്തിയെന്ന് റിസർവ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. തൊട്ടുമുന്നിലുള്ള വാരത്തിലും ശേഖരം 847.8 കോടി ഡോളറിന്റെ കുറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം സെപ്‌തംബർ അവസാനത്തില്‍ റെക്കാഡ് ഉയരമായ 70,488.5 കോടി ഡോളറിലെത്തിയതിന് ശേഷമാണ് വിദേശ നാണയ ശേഖരം തുടർച്ചയായി ഇടിഞ്ഞത്. സിസംബർ 27ന് അവസാനിച്ച വാരത്തില്‍ വിദേശ കറൻസികളുടെ മൂല്യം 464.1 കോടി ഡോളർ കുറഞ്ഞ് 55,192.1 കോടി ഡോളറിലെത്തി. അതേസമയം സ്വർണ ശേഖരത്തിന്റെ മൂല്യം 54.1 കോടി ഡോളർ ഉയർന്ന് 6,626.8 കോടി ഡോളറായി. സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്‌സിന്റെ മൂല്യം 1.2 കോടി ഡോളർ കുറഞ്ഞ് 1,787.3 കോടി ഡോളറായി.
മൂന്ന് മാസത്തിനിടെ വിദേശ നാണയ ശേഖരത്തിലെ ഇടിവ് 6,460.6 കോടി ഡോളർ.