കൊച്ചി: വിദേശ ധനസ്‌ഥാപനങ്ങൾ (എഫ്‌ഐഐ) ക്കു സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓഹരികളിൽ വർധിച്ച താൽപര്യം. ഡിസംബർ 31ന് അവസാനിച്ച ത്രൈമാസ (ക്യു 3) ത്തിലെ കണക്കനുസരിച്ച് എഫ്‌ഐഐകളുടെ പക്കലുള്ളവയിൽ ഏറ്റവും കൂടുതൽ വർധന രേഖപ്പെടുത്തിയവയിലൊന്നു സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓഹരികളാണ്.
സെപ്‌റ്റംബർ 30ന് അവസാനിച്ച ത്രൈമാസ (ക്യു 2) ത്തിൽ എഫ്‌ഐഐകളുടെ പക്കലുണ്ടായിരുന്ന ഓഹരികളിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റേത് 7.8% മാത്രമായിരുന്നു. എന്നാൽ ക്യു3 യിൽ ഇത് 14.88 ശതമാനമായി. എഫ്‌ഐഐകളുടെ പക്കലുള്ളവയിൽ ഏറ്റവും കൂടുതൽ വർധന രേഖപ്പെടുത്തിയ മറ്റൊരു ബാങ്ക് ഓഹരി യെസ് ബാങ്കിന്റേതാണ്.
12.15 ശതമാനമായിരുന്നു ഓഹരികളുടെ ക്യു 2 വിഹിതം; ക്യു 3 വിഹിതമാകട്ടെ 23.24%. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഒരു രൂപ മുഖവിലയുള്ള ഓഹരിയുടെ വിപണി വില ഇന്നലെ 17.65 നിലവാരത്തിലായിരുന്നു.
52 ആഴ്‌ചയ്‌ക്കിടയിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വില 21.80 രൂപയാണ്; ഏറ്റവും കുറഞ്ഞ വില 7.27 രൂപയും. യെസ് ബാങ്ക് ഓഹരിയുടെ മുഖ വില രണ്ടു രൂപ. വിപണി വില 16.40. 52 ആഴ്‌ചയിലെ കൂടിയ വില 24.75; കുറഞ്ഞ വില 12.10 രൂപ.
മോർഗൻ സ്റ്റാൻലി ക്യാപ്പിറ്റൽ ഇന്റർനാഷനലിന്റെ (എംഎസ്‌സിഐ) ഇന്ത്യ ഡൊമസ്‌റ്റിക് സ്‌മോൾ ക്യാപ് ഇൻഡെക്‌സിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരിക്കു പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്.