
മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായി വില്‍പ്പന നടത്തിവന്ന വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പനയുടെ തോത് കുറയ്‌ക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്.
ഫ്യൂച്ചേഴ്‌സ് വിപണിയില്‍ അവ കരാറുകള്‍ വാങ്ങാന്‍ തുടങ്ങുകയും ചെയ്‌തു. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 11,586 കോടി രൂപയുടെ ഇന്‍ഡക്‌സ് ഫ്യൂച്ചേഴ്‌സ് കരാറുകളാണ് വാങ്ങിയത്.
നേരത്തെ സൂചികയില്‍ നടത്തിയ ഷോര്‍ട്ട് പൊസിഷനുകള്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കുറച്ചുകൊണ്ടുവരികയാണെന്നാണ് സൂചന. താഴ്‌ന്ന വിലയില്‍ വാങ്ങാമെന്ന പ്രതീക്ഷയോടെ ഉയര്‍ന്ന വിലയില്‍ വില്‍ക്കുന്ന വ്യാപാരരീതിയെയാണ് ഷോര്‍ട്ട് പൊസിഷന്‍ എന്ന് വിശേഷിപ്പിക്കുന്നത്. അതേ സമയം ഉയര്‍ന്ന വിലയ്‌ക്ക് വില്‍ക്കാമെന്ന് കരുതി വാങ്ങുന്ന വ്യാപാരരീതിയെ ലോംഗ് പൊസിഷന്‍ എന്നും പറയുന്നു.
മാര്‍ച്ച് 13ന് വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഇന്‍ഡക്‌സ് ഫ്യൂച്ചേഴ്‌സിലെ ലോംഗ്-ഷോര്‍ട്ട് റേഷ്യോ 0.23 ആയിരുന്നു. അതായത് ഓരോ ലോംഗ് പൊസിഷനും ഏകദേശം അഞ്ച് ഷോര്‍ട്ട് പൊസിഷനുകള്‍ എന്നതായിരുന്നു അനുപാതം.
അതേ സമയം കഴിഞ്ഞ നാല് ദിവസത്തെ വിപണിയിലെ മുന്നേറ്റത്തെ തുടര്‍ന്ന് ഈ അനുപാതം 0.42 ആയി ഉയര്‍ന്നു.
അതായത് ഓരോ ലോംഗ് പൊസിഷനും രണ്ടിലേറെ ഷോര്‍ട്ട് പൊസിഷനുകള്‍ എന്നതാണ് ഇപ്പോഴത്തെ അനുപാതം. വിപണി കരകയറ്റം നടത്തിയതോടെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഷോര്‍ട്ട് പൊസിഷനുകള്‍ പലതും അവസാനിപ്പിച്ചുവെന്നാണ് ഇത് നല്‍കുന്ന സൂചന.
കഴിഞ്ഞ നാല് ദിവസങ്ങള്‍ക്കുള്ളില്‍ നിഫ്‌റ്റിയുടെ 35,901 ഫ്യൂച്ചേഴ്‌സ് കരാറുകളാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വാങ്ങിയത്. ബാങ്ക് നിഫ്‌റ്റിയുടെ 31.258 കരാറുകളും മിഡ്‌കാപ് നിഫ്‌റ്റി ഫ്യൂച്ചേഴ്‌സിന്റെ 5338 കരാറുകളും ഈ ദിവസങ്ങളില്‍ അവ വാങ്ങി.
ഓഹരികളുടെ നേരിട്ടുള്ള വ്യാപാരം നടക്കുന്ന കാഷ് വിപണിയില്‍ കഴിഞ്ഞ നാല് ദിവസം 880 കോടി രൂപയുടെ അറ്റവില്‍പ്പനയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്.
അതേ സമയം ഇന്നലെ അവ 3239 കോടി രൂപയുടെ അറ്റനിക്ഷേപം കാഷ് വിപണിയില്‍ നടത്തി. ഇന്നലെ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 3136 കോടി രൂപയുടെ വില്‍പ്പനയാണ് നടത്തിയത്.