വിദേശ നിക്ഷേപ സ്ഥാപനങ്ങള് 2022ല് കൂടുതല്; നിക്ഷേപം നടത്തിയത് ധനകാര്യം, ഓയില് ആന്ഡ് ഗ്യാസ്, ഓട്ടോ, മെറ്റല് ആന്ഡ് മൈനിങ് എന്നീ സെക്ടറുകളില്. ഏറ്റവും കൂടുതല് ഓഹരികള് കയ്യൊഴിഞ്ഞതാകട്ടെ ഐടിയില് നിന്നും.
ഇന്ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്പ്പടെയുള്ള ഓഹരികളില് നിന്ന് 72,000 കോടി രൂപയാണ് അവര് പിന്വലിച്ചത്. ഡിസംബര് 31വരെയുള്ള കണക്കുപ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഐടി ഓഹരികളിലുള്ള വിഹിതം മൊത്തം നിക്ഷേപത്തിന്റെ 10.45ശതമാനമായി കുറയുകയും ചെയ്തു.
യുഎസിലെയും യൂറോപ്പിലേയും മാന്ദ്യഭീതിയും വികസിത രാജ്യങ്ങള് ഐടി മേഖലയിലെ ചെലവഴിക്കല് കുറച്ചതും അതിന് കാരണമായി. നിഫ്റ്റി ഐടി സൂചിക 2022ല് 25ശതമാനമാണ് തകര്ച്ച നേരിട്ടത്.
വിദേശ ഫണ്ട് മാനേജര്മാര് ഐടി ഓഹരികളില് നിന്ന് പിന്മാറുന്ന വ്യക്തമായ സൂചന. ആവശ്യകതയില് കുറവുണ്ടായെങ്കിലും രൂപയുടെ മൂല്യമിടിവും മറ്റുംമൂലം ലാഭമുയര്ത്തി കമ്പനികള് പിടിച്ചുനിന്നു. എന്നാല് 2023ല് വരുമാന വളര്ച്ചയില് ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ലോഹം, ഖനനം തുടങ്ങിയ മേഖലകളിലെ വിദേശ നിക്ഷേപക വിഹിതം 2021ലെ 2.05ശതമാനത്തില് നിന്ന് 2022 ഡിസംബറില് 3.57ശതമാനമായി. ഓട്ടോ, ഓട്ടോ അനുബന്ധ ഓഹരികളിലാകട്ടെ വിഹിതം 40.7ശതമാനത്തില് നിന്ന് 5.35ശതമാനമായി.
കഴിഞ്ഞവര്ഷം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും ക്യാപിറ്റല് ഗുഡ്സ്, ടെക്സ്റ്റൈല്സ് ഓഹരികളിലും വിദേശികള് വിഹിതം കുറച്ചതായി കാണാം. ഐടി കഴിഞ്ഞാല് അവര് വിറ്റൊഴിയല് തുടര്ന്നത് ഈ മേഖലകളിലെ ഓഹരികളാണ്.
മൊത്തം കണക്കെടുക്കുകയാണെങ്കില് 2022ല് മാത്രം വിദേശ നിക്ഷേപ സ്ഥാപനങ്ങള് 1.5 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. 2021ല് ഇത് 55,000 കോടിയായിരുന്നു.