ബെയ്‌ജിങ്: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയുടെ ഭാവി സംബന്ധിച്ച ആശങ്കയയുര്‍ത്തി വിദേശ നിക്ഷേപകര്‍ രാജ്യം വിടുന്നതായി കണക്കുകള്‍.
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസം കൊണ്ട് 15 ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപമാണ് വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്.
മൂന്ന് വര്‍ഷം മുമ്പ് 2021ല്‍ 344 ബില്യണ്‍ ഡോളര്‍ എന്ന റെക്കോര്‍ഡ് വിദേശ നിക്ഷേപം കൈവരിച്ച സ്ഥാനത്താണ് കുത്തനെയുള്ള ഈ ഇടിവ്. ചൈനീസ് സമ്പദ് വ്യവസ്ഥയിലെ മാന്ദ്യവും രാജ്യങ്ങള്‍ തമ്മില്‍ വര്‍ധിച്ച് വരുന്ന സംഘര്‍ഷം സൃഷ്ടിക്കുന്ന ആശങ്കകളും ആണ് വിദേശ നിക്ഷേപകര്‍ ചൈന വിടാന്‍ കാരണം.
അതിവേഗത്തില്‍ ഇലക്ട്രിക് കാറുകളിലേക്കുള്ള ചൈനയുടെ പരിവര്‍ത്തനം വിദേശ വാഹന നിര്‍മാതാക്കളുടെ നിക്ഷേപങ്ങളെയും സ്വാധീനിക്കുന്നുണ്ട്.
പുതിയ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും നിലവിലുള്ള നിക്ഷേപം പിടിച്ചുനിര്‍ത്തുന്നതിനും ചൈന കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് ഈ തിരിച്ചടി. വിദേശ കമ്പനികള്‍ അമേരിക്കയുടെ നിയന്ത്രണങ്ങള്‍ മറികടന്ന് ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ രാജ്യത്തേക്ക് കൊണ്ടുവരും എന്ന പ്രതീക്ഷയിലായിരുന്നു ചൈനീസ് സര്‍ക്കാര്‍.
ചൈനീസ് വാണിജ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം പുതിയ വിദേശ നിക്ഷേപം രാജ്യത്തേക്കു വരുന്നത് 2020ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്.
ചൈന സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി പലിശ നിരക്ക് കുറച്ചു നിര്‍ത്തുകയാണ്. അതിനിടെ മറ്റ് രാജ്യങ്ങള്‍ പലിശ കൂട്ടിയതോടെ ചൈനയിലെ നിക്ഷേപങ്ങള്‍ വിറ്റഴിച്ച് വിദേശ നിക്ഷേപകര്‍ ഉയര്‍ന്ന പലിശ കിട്ടുന്നിടങ്ങളിലേക്ക് നിക്ഷേപം മാറ്റുകയാണ്.
വിദേശങ്ങളിലെ ചൈനീസ് നിക്ഷേപം കൂടുന്നതിനും ഇത് ഇടയാക്കി. ഈ വര്‍ഷം രണ്ടാം പാദത്തില്‍ വിദേശങ്ങളിലേക്കുള്ള ചൈനീസ് നിക്ഷേപം 71 ബില്യണ്‍ ഡോളറാണ്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലിത് 39 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. 80 ശതമാനമാണ് വര്‍ധന.