
കനത്ത വില്‍പ്പനയെ തുടര്‍ന്ന് ഐടി കമ്പനികളിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥത കുറഞ്ഞു. നിഫ്‌റ്റി ഐടി സൂചിക ഈ വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 26 ശതമാനം വരെ ഇടിഞ്ഞപ്പോള്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കനത്ത വില്‍പ്പനയാണ് ഈ ഓഹരികളില്‍ നടത്തിയത്.
ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ ഇന്‍ഫോസിസിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥത 33.3 ശതമാനത്തില്‍ നിന്നും 32.89 ശതമാനമായി കുറഞ്ഞു. ടിസിഎസില്‍ 12.68 ശതമാനത്തില്‍ നിന്നും 12.04 ശതമാനമായും എച്ച്‌സിഎല്‍ ടെക്കില്‍ 19.38 ശതമാനത്തില്‍ നിന്നും 19.15 ശതമാനമായുമായാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥത കുറഞ്ഞത്.
എല്‍ടിഐ മൈന്റ്‌ട്രീ, പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, എംഫസിസ് എന്നീ ഐടി കമ്പനികളിലെയും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥതയില്‍ ഇടിവുണ്ടായി. അതേ സമയം വിപ്രോയിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥത 7.81 ശതമാനത്തില്‍ നിന്നും 8.35 ശതമാനമായി ഉയരുകയാണ് ചെയ്‌തത്.
അതേ സമയം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളായ മ്യൂച്വല്‍ ഫണ്ടുകള്‍ ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ ടിസിഎസ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, പെര്‍സിസ്റ്റന്റ് സിസ്റ്റംസ് എന്നീ ഐടി കമ്പനികളിലെ ഓഹരി ഉടമസ്ഥത വര്‍ധിപ്പിച്ചു.
ഏപ്രില്‍ ആദ്യപകുതിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 13,828 കോടി രൂപയുടെ ഐടി ഓഹരികളാണ് വിറ്റത്.