
മാര്‍ച്ച് ആദ്യപകുതിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ശക്തമായ വില്‍പ്പന ഏറ്റവും കൂടുതല്‍ ബാധിച്ചത് ഐടി ഓഹരികളെയാണ്. മാര്‍ച്ച് ഒന്ന് മുതല്‍ 15 വരെ 6934 കോടി രൂപയുടെ ഐടി ഓഹരികളാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിറ്റത്.
ജനുവരിയില്‍ ഈ മേഖലയില്‍ 805 കോടി രൂപയുടെ അറ്റനിക്ഷേപമാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയിരുന്നത്. 2024ല്‍ 14,000 കോടി രൂപ ഐടി മേഖലയില്‍ വിദേശ സ്ഥാപനങ്ങള്‍ നിക്ഷേപിച്ചിരുന്നു.
മാര്‍ച്ച് ഒന്ന് മുതല്‍ 15 വരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 32,411 കോടി രൂപയുടെ വില്‍പ്പനയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്. അതില്‍ 20 ശതമാനം വില്‍പ്പനയും നടന്നത് ഐടി മേഖലയിലാണ്.
യുഎസിന്റെ വ്യാപാര നയം ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ അനിശ്ചിതത്വമാണ് ഐടി ഓഹരികളെ വില്‍പ്പന സമ്മര്‍ദത്തിലാഴ്‌ത്തിയത്. മറ്റ് രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്നത് യുഎസിനെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ട്.
ഇത് യുഎസിലേക്ക് കയറ്റുമതി നടത്തുന്ന കമ്പനികളെ പ്രതികൂലമായി ബാധിക്കും. ഇന്ത്യയിലെ ഐടി കമ്പനികളുടെ വരുമാനം പ്രധാനമായും യുഎസിലേക്കുള്ള കയറ്റുമതിയില്‍ നിന്നാണ്. വില്‍പ്പന ശക്തമായ രണ്ടാമത്തെ മേഖല എഫ്‌എംസിജിയാണ്.
5106 കോടി രൂപയുടെ എഫ്‌എംസിജി ഓഹരികളാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ മാര്‍ച്ച് ആദ്യപകുതിയില്‍ വിറ്റത്.
ഫെബ്രുവരിയില്‍ ഈ മേഖലയില്‍ 6904 കോടി രൂപയുടെ അറ്റവില്‍പ്പന അവ നടത്തിയിരുന്നു. എഫ്‌എംസിജി ഉല്‍പ്പന്നങ്ങളുടെ ഡിമാന്റ് കുറയുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ ഓഹരികള്‍ നിക്ഷേപകര്‍ കൈയൊഴിഞ്ഞത്.
ബജറ്റില്‍ കൊണ്ടുവന്ന ആദായ നികുതി ഇളവ് കൊണ്ടു മാത്രം എഫ്‌എംസിജി ഉല്‍പ്പന്നങ്ങളുടെ ഡിമാന്റ് കാര്യമായി വര്‍ധിക്കുമോയെന്ന ആശങ്കയും ഈ മേഖലയെ പ്രതികൂലമായി ബാധിക്കുന്നു.
ജനസംഖ്യയുടെ ഒരു ചെറിയ ശതമാനത്തിന് മാത്രമേ നികുതി ഇളവ് കൊണ്ടു പ്രയോജനമുണ്ടാകൂവെന്നാണ് ഒരു വിഭാഗം വിദഗ്‌ധര്‍ ചൂണ്ടികാട്ടുന്നത്. മാര്‍ച്ച് ആദ്യപകുതിയില്‍ ഓട്ടോ മേഖലയില്‍ 3000 കോടി രൂപയുടെയും ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ 2016 കോടി രൂപയുടെയും വില്‍പ്പനയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്.
അതേ സമയം മെറ്റല്‍ മേഖലയില്‍ 1179 കോടി രൂപ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നിക്ഷേപിച്ചു.