
ദില്ലി: ട്രംപിന്റെ തീരുവ പ്രഖ്യാപനത്തെ തുടർന്ന് ഏപ്രിൽ ആദ്യവാരത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും വിദേശ നിക്ഷേപകർ പിൻവലിച്ചത് 10,355 കോടി രൂപ. ട്രംപിന്റെ താരിഫുകളുടെ പ്രത്യാഘാതങ്ങളും ഒപ്പം റിസർവ് ബാങ്കിന്റെ വരാനിരിക്കുന്ന പണനയ പ്രഖ്യാപനങ്ങളുടെയും ദീർഘകാല പ്രത്യാഘാതങ്ങൾ നിക്ഷേപകർ ഇപ്പോൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
മാർച്ച് 21 നും 28 നും ഇടയിലുള്ള ആറ് ദിവസത്തെ വ്യാപാരത്തിൽ 30,927 കോടി രൂപയുടെ അറ്റ നിക്ഷേപം ഉണ്ടായിരുന്നു. ഇത് മാർച്ചിലെ മൊത്തം പിൻവലിക്കൽ 3,973 കോടി രൂപയായി കുറയ്ക്കാൻ സഹായിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
ഈ വർഷത്തെ കണക്കുകൾ നോക്കുകയാണെങ്കിൽ , ഫെബ്രുവരിയിൽ 34,574 കോടി രൂപയും ജനുവരിയിൽ 78,027 കോടി രൂപയും പിൻവലിക്കപ്പെട്ടിട്ടുണ്ട്. വിദേശ നിക്ഷേപ വിപണികളിലെ ചാഞ്ചാട്ടത്തെ കൃത്യമായി ഇതിൽ നിന്നും വ്യക്തമാകും.
2025 ൽ ഇതുവരെ ഇന്ത്യൻ വിപണിയിൽ നിന്നുള്ള എഫ്‌പിഐകളുടെ മൊത്തം ഒഴുക്ക് 1.27 ലക്ഷം കോടി രൂപയായി. ആഗോള സാമ്പത്തിക വിപണികളുടെ ദുർബലാവസ്ഥയാണ് വിപണിയിലെ പെട്ടെന്നുള്ള തിരിച്ചടി എടുത്തുകാണിക്കുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു.
ഏത് രാജ്യം അമേരിക്കയിലേക്ക് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്താലും ഇനി 10 ശതമാനം അടിസ്ഥാന തീരുവ അടയ്ക്കണം. ഇതോടെ സ്വതന്ത്രവ്യാപാരം എന്ന നയം യുഎസ് പൂര്‍ണമായും പുറംതള്ളി.
മോദി അടുത്ത സുഹൃത്താണെങ്കിലും ഇന്ത്യയ്ക്ക് ഇളവൊന്നുമില്ലെന്ന് പറഞ്ഞ് 26 ശതമാനം തീരുവയാണ് ട്രംപ് ചുമത്തിയിരിക്കുന്നത്.