
ബെംഗളൂരു: സാമ്പത്തിക പ്രതിസന്ധിയിലായ പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന് കീഴില്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഉപകമ്പനികളെ പാപ്പരത്ത നടപടികള്‍ക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി വിദേശ വായ്പാദാതാക്കള്‍ രംഗത്ത്.
ഉപകമ്പനികളിലുള്ള പണം ബൈജൂസ് കടത്തികൊണ്ടു പോകുന്നുവെന്ന് ആരോപിച്ചാണ് വായ്പാദാതാക്കളുടെ നീക്കം.
അമേരിക്കന്‍ വായാപാദാതാക്കളില്‍ നിന്ന് ഉപകമ്പനിയായ ആല്‍ഫ വഴി ബൈജൂസ് 120 കോടി ഡോളര്‍ കടം വാങ്ങിയിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം തിരിച്ചടവ് പല തവണ മുടങ്ങി. വായ്പ തിരിച്ചടവിനായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ബൈജൂസ് നിരന്തരമായി വീഴ്ചകള്‍ വരുത്തുകയായിരുന്നു.
വായ്പാ തിരിച്ചടവ് മുടക്കിയ ബൈജൂസ് ഇതിനിടെ ആൽഫയിൽ നിന്ന് പണം മറ്റ് ഹെഡ്ജ് ഫണ്ടുകളിലേക്ക് നീക്കിയതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് ആല്‍ഫയെ പാപ്പരത്ത നടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്തു.
ബൈജൂസിന് കീഴിലുള്ള മറ്റ് ഉപകമ്പനികളായ എപിക്, ടിങ്കര്‍, ഒസോമോ തുടങ്ങിയവയിൽ നിന്നും പണം മാറ്റുന്നത് ഒഴിവാക്കാനാണ് പാപ്പരത്ത നിയമ പ്രകാരം നടപടികള്‍ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് വായ്പാദാതാക്കൾ അമേരിക്കന്‍ കോടതിയെ സമീപിച്ചത്.
2021ല്‍ വായ്പയെടുക്കുന്നതിന് മുന്‍പ് ബൈജൂസ് സ്വന്തമാക്കിയതാണ് ഈ യു.എസ് കമ്പനികള്‍. പാപ്പരത്ത നടപടികളിലേക്ക് നീങ്ങിയാല്‍ ബൈജൂസിന് സ്വതന്ത്രമായി ഈ കമ്പനികളുടെ ആസ്തികളില്‍ തീരുമാനമെടുക്കാനാകില്ല. വായ്പക്കാരുടെയും നിക്ഷേപകരുടെയും അനുവാദം കൂടി വേണം.
ആല്‍ഫയ്ക്ക് വായ്പ അനുവദിച്ച 100 ഓളം കമ്പനികളുടെ പ്രതിനിധിയായ ഗ്ലാസ് ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഓഹരിയുടമകളുടെ താത്പര്യം സംരക്ഷിക്കാനും വീണ്ടും കമ്പനികളില്‍ നിന്ന് പണം കടത്തുന്നത് ഒഴിവാക്കാനുമാണ് കമ്പനികളെ പാപ്പരത്വ നടപടികള്‍ക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി വീണ്ടും കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നതെന്ന് നിക്ഷേപകര്‍ പറയുന്നു. ഇന്ത്യയിലും ഓഹരിയുടമകളില്‍ നിന്ന് സമാനമായ നിയമ നടപടികള്‍ ബൈജൂസ് നേരിടുന്നുണ്ട്.
ഉപകമ്പനിയായ എപ്പിക്കിനെ വിറ്റഴിച്ച് കടം തിരിച്ചടയ്ക്കാനുള്ള ശ്രമം ബൈജൂസ് നടത്തിയിരുന്നെങ്കിലും വായ്പാദാതാക്കളും നിക്ഷേപകരുമായുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനാല്‍ അത് നടന്നില്ല.
ഇതിനിടെ ബൈജൂസ് അമേരിക്കയിലെ ഹെഡ്ജ് ഫണ്ടായ ഹാംഷാഫ്റ്റില്‍ നിക്ഷേപിച്ചിരുന്ന 53.3 കോടി ഡോളര്‍ കാണാതായ വിഷയത്തില്‍ ബൈജുവിന്റെ സഹോദരനും ബൈജൂസ് ഡയറക്ടറുമായ റിജു രവീന്ദ്രനെതിരെ അമേരിക്കയിലെ ബാങ്കറപ്റ്റ്‌സി കോടതി പിഴ ചുമത്തുന്നതടക്കമുള്ള കടുത്ത നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
ബൈജൂസിന്റെ പ്രമോട്ടര്‍മാര്‍ ഓഹരി പണയം വയ്ക്കുന്നതിനും വില്‍ക്കുന്നതും കൈമാറ്റം ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ വായ്പാദാതാക്കാള്‍ രണ്ടാഴ്ച മുന്‍പ് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ ഹര്‍ജി.