ന്യൂഡല്‍ഹി: വിദേശ നിക്ഷേപകര്‍ക്ക് ലഭ്യമാകുന്ന ബോണ്ട് പലിശയ്ക്ക് ജൂലൈ 1 മുതല്‍ അധിക നികുതി. സര്‍ക്കാര്‍, കോര്‍പറേറ്റ് ബോണ്ടുകളില്‍ നിക്ഷേപിക്കുന്ന വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ക്ക് നിലവില്‍ 5 ശതമാനം നികുതി ഇളവ് ലഭ്യമാണ്. എന്നാല്‍ ജൂലൈ 1 മുതല്‍ അവര്‍ക്ക് ഈയിനത്തില്‍ 20 ശതമാനം നികുതി നല്‍കേണ്ടി വരും.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ചെയര്‍മാന്‍ നിതിന്‍ ഗുപ്തയെ ഉദ്ദരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇളവ് ഒരു ഇന്ത്യന്‍ കമ്പനികള്‍ക്കല്ല മറിച്ച് ഇതര സര്‍ക്കാറുകള്‍ക്കാണ് ഗുണം ചെയ്യുന്നതെന്നും അതിനാല്‍ ജൂലൈ 1 മുതല്‍ വിദേശ നിക്ഷേപകര്‍ അധിക നികുതി നല്‍കേണ്ടി വരുമെന്നും ഗുപ്ത പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദത്തിനായി പണം കൈമാറല്‍ എന്നിവ ഇല്ലാതാക്കുന്നതിന് ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ രജിസ്‌ട്രേഷന്‍ ഉറപ്പുവരുത്തണം. ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കള്ളപ്പണം വെളുപ്പിക്കലിനുമുള്ള വഴിയായി മാറി, അദ്ദേഹം ചൂണ്ടിക്കാട്ടി.
ബുധനാഴ്ച അവതരിപ്പിച്ച 550 ബില്യണ്‍ ഡോളറിന്റെ ബജറ്റ് ചാരിറ്റബിള്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് നിരവധി മാറ്റങ്ങളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. രജിസ്‌ട്രേഷന്‍, നികുതി ഇളവുകള്‍ തുടങ്ങിയവ അതില്‍ ഉള്‍ക്കൊള്ളുന്നു.