മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഗസ്റ്റില്‍ മറ്റ് ഏഷ്യന്‍ വിപണികളെ കൈയൊഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപം നടത്തുന്നത് തുടര്‍ന്നു.
ഓഗസ്റ്റില്‍ ഏകദേശം 12,262 കോടി രൂപ(150 കോടി ഡോളര്‍) യുടെ അറ്റ നിക്ഷേപമാണ് അവ ഇന്ത്യന്‍ വിപണിയില്‍ നടത്തിയത്. അതേ സമയം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ മറ്റ് പ്രമുഖ ഏഷ്യന്‍ വിപണികളില്‍ അറ്റവില്‍പ്പന നടത്തുകയാണ് ചെയ്‌തത്.
തായ്‌വാന്‍, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ എന്നീ ഏഷ്യന്‍ വിണികളില്‍ മൊത്തം 600 കോടി ഡോളറിന്റെ അറ്റവില്‍പ്പനയാണ് അവ നടത്തിയത്. മലേഷ്യന്‍ വിപണിയില്‍ 3.5 കോടി ഡോളര്‍ അറ്റനിക്ഷേപം നടത്തി.
ചൈനീസ് ഓഹരി വിപണിയില്‍ നിന്ന് 1230 കോടി ഡോളറാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഗസ്റ്റില്‍ പിന്‍വലിച്ചത്. സാമ്പത്തിക മാന്ദ്യം നേരിടുന്ന ചൈനയോട് വിമുഖത പ്രകടിപ്പിച്ച വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ മികച്ച വളര്‍ച്ച നിലനിര്‍ത്തുന്ന ഇന്ത്യയിലേക്ക് ആകൃഷ്‌ടരായി.
തുടര്‍ച്ചയായി ആറാമത്തെ മാസമാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അറ്റനിക്ഷേപം നടത്തുന്നത്. ഈ വര്‍ഷം ഇതുവരെ 1,35,286 കോടി രൂപയാണ് അവ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചത്.
2022ലാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും ഉയര്‍ന്ന നിക്ഷേപം നടത്തിയത്. 2022ല്‍ നടത്തിയ നിക്ഷേപത്തോട് അടുക്കുകയാണ് ഈ വര്‍ഷത്തെ നിക്ഷേപം.
ഈ വര്‍ഷം ഇതുവരെ ഇന്ത്യന്‍ വിപണി 6.3 ശതമാനമാണ് ഉയര്‍ന്നത്. മിഡ്‌കാപ്, സ്‌മോള്‍കാപ് ഓഹരികള്‍ ഈ വര്‍ഷം വേറിട്ട പ്രകടനമാണ് കാഴ്‌ച വെച്ചത്.
ഓഗസ്റ്റില്‍ നിഫ്‌റ്റി മൂന്ന് ശതമാനം ഇടിഞ്ഞപ്പോള്‍ നിഫ്‌റ്റി മിഡ്‌കാപ് 100 സൂചിക നാല് ശതമാനവും നിഫ്‌റ്റി സ്‌മോള്‍കാപ് 100 സൂചിക അഞ്ച് ശതമാനവുമാണ് ഉയര്‍ന്നത്.
നിഫ്‌റ്റിയും സെന്‍സെക്‌സും ഇടിഞ്ഞപ്പോഴും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപകരായി തുടര്‍ന്നത് മിഡ്‌കാപ്, സ്‌മോള്‍കാപ് ഓഹരികളില്‍ ഇവ നിക്ഷേപാവസരം കണ്ടെത്തിയത് മൂലമാണ്.
വിവിധ ഓഹരികളില്‍ ബ്ലോക്ക് ഡീലുകള്‍ വ്യാപകമായി നടക്കുകയും ചെയ്‌തു.